ഓഹരി വിപണിയില്‍ കൃത്രിമം കാട്ടിയതിന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പിഴ

0
40


മുബൈ :ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ കുടുംബം ഉള്‍പ്പെടെ 22 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) 6.9 കോടി രൂപ പിഴ ചുമത്തി. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

സാരംഗ് കെമിക്കല്‍സ് എന്ന ചെറുകമ്പനിയുടെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു വില്‍പന നടത്തി ലാഭമുണ്ടാക്കിയ സംഭവത്തിലാണ് നടപടി.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരി വില്‍പനയെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് 2011-ല്‍ത്തന്നെ സെബി അന്വേഷണം തുടങ്ങിയിരുന്നു. 2015-ല്‍ നിയമ നടപടി തുടങ്ങി. അതിനായി അഡ്ജുഡിക്കേറ്റിങ് ഓഫീസറെയും നിയമിച്ചു. സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ പോലും വിജയ് രുപാനി തയ്യാറായില്ല. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഇടപാടുകള്‍ നടന്നെന്ന് ബോധ്യമായ സാഹചര്യത്തില്‍ 22 പേര്‍ക്കും പിഴ വിധിച്ചുകൊണ്ട് ഒക്ടോബര്‍ 27-നാണ് സെബി ഉത്തരവു പുറപ്പെടുവിച്ചത്.

ബി.ജെ.പി. നേതാവായ വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് അഞ്ചുവര്‍ഷം മുമ്പ് 2011 ജനുവരിക്കും ജൂണിനുമിടയിലാണ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായ ഓഹരി ക്രയവിക്രയം നടന്നത്. ഹിന്ദു അവിഭക്ത കുടുംബം എന്ന നിലയിലാണ് രുപാനി ഓഹരി ഇടപാടു നടത്തിയിരുന്നത്. രൂപാനി കുടുംബത്തിന് 15 ലക്ഷം രൂപ പിഴ ചുമത്തിയ സെബി മറ്റു മൂന്നു വ്യക്തികള്‍ക്ക് 70 ലക്ഷം രൂപ വീതം പിഴ വിധിച്ചിട്ടുണ്ട്. കുറ്റക്കാരായ 22 പേരും പരസ്​പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചതെന്ന് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരികള്‍ അതുമായി ബന്ധമുള്ള ഇടപാടുകാര്‍തന്നെ പരസ്​പരം വാങ്ങിക്കൂട്ടുകയും അതുവഴി ഈ ഓഹരിക്ക് പ്രിയമുണ്ടെന്നു വരുത്തുകയുമായിരുന്നു. ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു കാണിച്ച ശേഷം ഇവരുടെ കൈവശമുള്ള ഓഹരികള്‍ പുറത്തുള്ളവര്‍ക്ക് വിറ്റൊഴിച്ച് ലാഭമുണ്ടാക്കി. രണ്ട് ദല്ലാളന്‍മാരിലൂടെ 20 പേര്‍ ചേര്‍ന്ന് 33 ശതമാനം വിപണി മൂല്യമുള്ള ഓഹരികളാണ് വാങ്ങിയത്. പിന്നീട് 86 ശതമാനം വിപണിമൂല്യമുള്ള ഓഹരികള്‍ അവര്‍ വിറ്റു. രുപാനിയുടെ കുടുംബം ഇത്തരത്തില്‍ 87,311 ഓഹരികളാണ് വിറ്റത്. മൊത്തം വിറ്റ ഓഹരികളുടെ 0.1 ശതമാനം വരും.