ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകേണ്ട; തോമസ് ചാണ്ടിയുടെ രാജിക്ക് എന്‍സിപി വഴങ്ങില്ല

0
50

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കായല്‍ കയ്യേറ്റ, നിലംനികത്തല്‍ ആരോപണങ്ങളില്‍പ്പെട്ട് വലയുന്ന ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി വേണമെന്ന സിപിഎം ആവശ്യത്തിനു എന്‍സിപി നേതൃത്വം വഴങ്ങില്ല. സിപിഎം നേതൃത്വം തോമസ്‌ ചാണ്ടിയുടെ രാജി കാര്യത്തില്‍ തീരുമാനം വേണമെന്ന് എന്‍സിപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടേങ്കിലും രാജിവെച്ച് വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് എന്‍സിപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

നവംബര്‍ 14ന്‌ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്യാനാണ് നിലവില്‍ എന്‍സിപിയുടെ തീരുമാനം. ഗതാഗതമന്ത്രിയുടെ രാജി കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോട് വ്യക്തമാക്കി.

ഹൈക്കോടതിയില്‍ കേസ് വരികയോ രാജി വെയ്ക്കണമെന്ന നിയമോപദേശം ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ രാജിക്കാര്യം അപ്പോള്‍ ആലോചിക്കാമെന്നാണ്‌ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. മന്ത്രിയെ ശിക്ഷിക്കും മുന്‍പ് ഈ കാര്യത്തില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കട്ടെ-പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജി കാര്യത്തില്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലാ എന്നതാണ് വാസ്തവം. തോമസ്‌ ചാണ്ടിയുടെ രാജി വേണ്ടാ എന്ന് എന്‍സിപി ദേശീയ നേതൃത്വം കര്‍ശനമായി സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എടുത്ത് ചാടി എ.കെ.ശശീന്ദ്രന്‍ രാജിവെച്ചത് തന്നെ ദേശീയ നേതൃത്വത്തിനു ഒട്ടും ദഹിച്ചിട്ടുമില്ല. അപ്പോഴാണ്‌ കായല്‍ നികത്തി, വയല്‍ നികത്തി എന്ന ആരോപണത്തിന്മേല്‍ തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യം കേരളത്തില്‍ മുഴങ്ങുന്നത്. കര്‍ശന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഈ നിലപാടിന് പിന്നിലും ചില കാരണങ്ങളുണ്ട്.

എന്‍സിപി കേരളത്തില്‍ അധികാരത്തിന്റെ ഭാഗമാണ്. ഭരണമുന്നണിയാണ്. ആകെ രണ്ടു എംഎല്‍എമാരാണ് ഉള്ളത്. ആദ്യ എംഎല്‍എ എ.കെ.ശശീന്ദ്രന്‍ ഹണിട്രാപ്പില്‍ പെട്ട് രാജി വെച്ചിരിക്കുകയാണ്. ശശീന്ദ്രന്‍ തത്കാലം മന്ത്രിയായി തിരിച്ചുവരേണ്ടതില്ല എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അപ്പോഴാണ്‌ രണ്ടാമത് മന്ത്രിയായി സ്ഥാനമേറ്റ തോമസ് ചാണ്ടിയും വയല്‍ നികത്തല്‍ കുരുക്കിലകപ്പെട്ടത്. അതുകൊണ്ട് തന്നെ ഇപ്പോഴുയര്‍ന്ന വന്നിട്ടുള്ള ആരോപണങ്ങള്‍  വലിയ ആരോപണമായി കാണേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം. തിരിച്ചായാല്‍  എന്‍സിപിയ്ക്ക് കേരളത്തില്‍ മന്ത്രിയില്ലാതാകും.

മന്ത്രിയില്ലാത്ത  അവസ്ഥ വരരുത് എന്ന കര്‍ശന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ഈ നിലപാടാണ് പീതാംബരന്‍ മാസ്റ്റര്‍ ആവര്‍ത്തിക്കുന്നത്.
ഈ നിലപാടില്‍ നിന്ന് മാറാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വം ഉടക്കിയാലും പരമാവധി രാജി കാര്യം നീട്ടാനാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എല്‍ഡിഎഫില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും എന്നാണ് ഇതേക്കുറിച്ച് പാര്‍ട്ടി നേതാക്കള്‍ തന്നെ പ്രതികരിക്കുന്നത്.