പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞു; യാത്ര തുടരാനാകാതെ യാത്രക്കാര്‍ വലഞ്ഞു

0
38

Air India pilot leaves flight in Jaipur after exceeding duty hours strands 44 passengers
ജയ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയ വിമാനത്തില്‍ ജോലി സമയം കഴിഞ്ഞെന്ന കാരണം പറഞ്ഞ് വിമാനം പറത്താതെ പൈലറ്റ്. ഇതേത്തുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാതെ യാത്രക്കാര്‍ വലഞ്ഞു. ലഖ്നൗവില്‍ നിന്നും ജയ്പുര്‍ വഴി ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന അലയന്‍സ് എയര്‍ വിമാനത്തിലെ യാത്രക്കാരാണ് അര്‍ദ്ധരാത്രി വഴിയില്‍ കുടുങ്ങിയത്.

രാത്രി ഒമ്പതിന് ജയ്പുരിലെത്തേണ്ടിയിരുന്ന വിമാനം വൈകി ഒന്നരയോടെയാണ് എത്തിയത്. പുകയും മഞ്ഞും കാഴ്ച മറച്ചതിനെ തുടര്‍ന്നാണ് വിമാനം മണിക്കൂറുകളോളം വൈകിയത്. എന്നാല്‍ പിന്നീട് ജോലിയില്‍ തുടരാന്‍ കഴിയില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയാണ് അലയന്‍സ് എയര്‍ലൈന്‍സ്. വിമാനത്തില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ചിലരെ പിന്നീട് ബസ് മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു. മറ്റുള്ളവര്‍ക്ക് വിമാനക്കമ്പനി ജയ്പുരില്‍ തന്നെ താമസ സൗകര്യമൊരുക്കുകയും രാവിലത്തെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു.

ഡ്യുട്ടി സമയം കഴിഞ്ഞതിനാല്‍ വിമാനം പറത്താന്‍ പൈലറ്റ് തയ്യാറായില്ലെന്ന കാര്യം ജയ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ജെ.എസ്.ബല്‍ഹറ സമ്മതിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഡ്യുട്ടി പരിമിതി ഉള്ളതിനാലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൈലറ്റ് സര്‍വീസ് തുടരാന്‍ വിസമ്മതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.