ഭാരതപ്പുഴ, പെരിയാര്‍, പമ്പ നദികളെ വൃത്തിയാക്കാന്‍ ഹരിതകേരളം മിഷനില്‍ പദ്ധതി വരുന്നു

0
50

പത്തനംതിട്ട : ഭാരതപ്പുഴ, പെരിയാര്‍, പമ്പ ഈ നദികളുടെ സ്ഥിതി വളരെ മോശമാണ്. ഇവയെ വൃത്തിയാക്കാന്‍ സംസ്ഥാന ഹരിതകേരളം മിഷനില്‍ പദ്ധതി തയ്യാറാക്കും. ഇതിന് പ്രാഥമികനടപടി തുടങ്ങിയതായി ജലവിഭവമന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ്ബിന്റെ സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസ്രോതസ്സുകള്‍ മലിനമാക്കിയാല്‍ രണ്ടുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന നിയമം അംഗീകരിച്ചുകഴിഞ്ഞു. ഇത് ഗവര്‍ണറുടെ അംഗീകാരത്തിനയയ്ക്കും. ഭൂഗര്‍ഭജലശേഖരം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന് ഭൂഗര്‍ഭ ജലഅതോറിറ്റി രൂപവത്കരിക്കും.

ഭാരതപ്പുഴ, പെരിയാര്‍, പമ്പ നദികളുടെ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചിരുന്നു. വലിയ തുക നവീകരണത്തിനു വേണ്ടിവരും. ഉമാഭാരതി കേന്ദ്ര ജലവിഭവവകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രഫണ്ടിനായാണ് സമീപിച്ചത്. ഇപ്പോഴത്തെ മന്ത്രി നിധിന്‍ ഗഡ്കരിയുമായും സംസാരിച്ചിട്ടുണ്ട്. കേന്ദ്ര ജലകമ്മിഷന്‍ വന്ന് പമ്ബയില്‍ പഠനം നടത്തിപ്പോയിട്ട് പിന്നീടുള്ള വിവരങ്ങള്‍ കിട്ടിയിട്ടില്ല.