കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ.ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ കോടതി അലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.
നേരിട്ട് ഹാജരാകാന്‍ ഷൈന മോള്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നേരിട്ട് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 15-ന് ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി നിര്‍വഹിച്ച ജോലികളുടെ ലേബര്‍ ചാര്‍ജില്‍ വന്ന അധിക ചെലവ് കമ്പനിക്ക് നല്‍കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഇപ്രകാരം തുക നല്കാതിരുന്നതിനാല് വാട്ടര്‍ അതോറിറ്റിക്കെതിരെ കമ്പനി കോടതി അലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു.