ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാനും ബാധ്യസ്ഥരാണെന്ന് ശൗര്യ ഡോവല്‍

0
33


ന്യൂഡല്‍ഹി: അനധികൃതമായ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ദി വയറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ രംഗത്തെത്തി. രാഷ്ട്രീയ സംവാദങ്ങളില്‍ ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കോടതിയില്‍ അത് തെളിയിക്കാന്‍ കൂടി ബാധ്യസ്ഥരാണെന്നും ശൗര്യ ഡോവല്‍ പറഞ്ഞു.

പ്രതിപക്ഷം ബിജെപി അഴിമതി നടത്തിയതായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളെ നിയമപരമായി നേരിടാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.

രാജ്യത്തിന്റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന ഇന്ത്യ ഫൗണ്ടഷന്‍ എന്ന സംഘടനയുടെ തലവനാണ് ശൗര്യ ഡോവല്‍. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരും സംഘടനയിലെ ഡയറക്ടര്‍മാരാണ്. സംഘടന നടത്തിയ പരിപാടികളുടെ സ്പോണ്‍സര്‍മാരെല്ലാം വിദേശ ആയുധ, വിമാന കമ്പനികളാണെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

സി.ബി.ഐ അന്വേഷണം നേരിടുന്ന ബോയിങ് വിമാന കമ്പനിയും സ്പോണ്‍സര്‍ കമ്പനികളിലുണ്ട്. 70,000 കോടി രൂപക്ക് 111 വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗ് കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നടന്ന ക്രമക്കേടിനെ കുറിച്ച്
സിബിഐ ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ കമ്പനിയില്‍ നിന്ന് പ്രതിരോധ മന്ത്രിയും വ്യോമയാന സഹമന്ത്രിയും ഡയറക്ടര്‍മാരായ സംഘടനയിലേക്ക് സംഭാവന എത്തിയത് എങ്ങനെ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇതുകൂടാതെ ഇന്ത്യ ഫൗണ്ടേഷന്റെ വരവുചിലവ് കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫൗണ്ടേഷന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതകളുണ്ട്.
2009-ല്‍ മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച സംഘടനയാണ് ഇന്ത്യ ഫൗണ്ടേഷന്‍. ബി.ജെ.പി അധികാരത്തില്‍ എത്തിയതിനു ശേഷമാണ് സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളിലേക്ക് സംഘടന കടന്നത്. വളരെ പെട്ടെന്നാണ് ആഗോളകോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന ലഭിക്കുവാന്‍ തക്ക സ്വാധീനം ഫൗണ്ടേഷന്‍ നേടിയെടുത്തത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണത്തിലുള്ള നിര്‍ണായക സ്വാധീനം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യ ഫൗണ്ടേഷന്റെ ജേര്‍ണലുകളും മാഗസിനുകളും വിറ്റു ലഭിക്കുന്ന വരുമാനവും, പരസ്യങ്ങളും, യോഗങ്ങളും വഴി കിട്ടുന്ന വരുമാനവുമാണ് ഫൗണ്ടേഷന്റെ സാമ്പത്തിക സ്രോതസ്സ് എന്നാണ് ശൗര്യ ഡോവലിന്റെ വിശദീകരണം.