തിരുവനന്തപുരം: രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങേണ്ടി വന്നുവെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തിലിനെ ചൊല്ലി വിവാദം കനക്കുന്നു. ബ്ലാക്ക് മെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടിയെും ഒരു പോലെ ഉന്നമിട്ട് ബി.ജെ.പി രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണം. ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാര്‍ കേസില്‍ തന്നെ പലരും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഒരാളുടെ ബ്ലാക്ക് മെയിലില്‍ താന്‍ വീണുപോകുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് മുന്‍ മുഖ്യമന്ത്രി വഴങ്ങേണ്ടി വന്നുവെന്നത് അതീവ ഗൗരവമുള്ള പ്രശ്നമാണ്. എന്തു പറഞ്ഞു ബ്ലാക്ക് മെയിലിങ് നടത്തിയെന്നും എന്തു കൊണ്ട് വഴങ്ങിയെന്നതും പ്രസക്തമായ ചോദ്യങ്ങളാണ്. ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്ന് പറയേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് പ്രതികരിച്ചു.