കോണ്‍ഗ്രസിലെ ശാന്തത താത്കാലികം മാത്രമെന്ന് സൂചന; അവസരം നോക്കി ആഞ്ഞടിക്കാന്‍ നേതാക്കള്‍

0
54

പ്രത്യേക ലേഖകന്‍ 

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഐക്യം താത്കാലികം മാത്രമെന്നു സൂചന. ഇപ്പോള്‍ നേതാക്കള്‍ പരസ്പരം ചേരിതിരിയാതെ ഒന്നിച്ച് നില്‍ക്കുന്നു എന്ന പ്രതീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ഒരു താത്കാലിക പ്രതിഭാസം എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത് കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത മാത്രമാണ് എന്നാണു വിലയിരുത്തല്‍.

കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായി നിലകൊണ്ടിരുന്ന എ ഗ്രൂപ്പിനെയാണ് സോളാര്‍ വിവാദം ബാധിച്ചിരിക്കുന്നത്. സോളാര്‍ വിവാദം വഴി എ ഗ്രൂപ്പ് ആധിപത്യം പഴങ്കഥയാക്കാമോ എന്നാണ് ഐ ഗ്രൂപ്പ് നോക്കുന്നത്. ഈ കാര്യത്തില്‍ വി.എം.സുധീരനാണ് ഐ ഗ്രൂപ്പിന്റെ ആശാകേന്ദ്രം. ഐ ഗ്രൂപ്പിന് പുറത്ത് നിന്നുകൊണ്ട് സോളാര്‍ കമ്മിഷനില്‍ ഉള്ളത് അതിഗുരുതരമായ ആരോപണങ്ങള്‍ എന്ന വെടി ആദ്യം പൊട്ടിച്ചത് വി.എം.സുധീരനാണ്.  ഐ ഗ്രൂപ്പില്‍ നിന്നും വി.ഡി.സതീശനും. പക്ഷെ ഇപ്പോള്‍ താത്ക്കാലത്തേക്ക് വി.എം.സുധീരനും വി.ഡി.സതീശനും നിശബ്ദരാണ്.

ഇവര്‍ നിശബ്ധരായിരിക്കെ തന്നെ ഐ ഗ്രൂപ്പിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തന്നെ ഇന്നലെ വീണ്ടും വെടിപൊട്ടിച്ചു. സോളാര്‍ കമ്മിഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ളത് അതി ഗുരുതരമായ ആരോപണങ്ങള്‍ എന്നാണു ഇന്നലെ രമേശ്‌ ചെന്നിത്തല പ്രതികരിച്ചത്. സോളാര്‍ വിവാദം കോണ്‍ഗ്രസില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ഈ പ്രസ്താവനകള്‍ തെളിയിക്കുന്നു. ” എല്ലാം ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പക്ഷെ ഈ ഘട്ടത്തില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ ഒരു പ്രതികരണത്തിനും നില്‍ക്കുന്നില്ല. ശേഷം പ്രതികരിക്കാം”- വി.ഡി.സതീശന്‍ 24 കേരളയോട് പറഞ്ഞു.

പ്രതികരണമില്ല എന്നല്ല സതീശന്‍ പറഞ്ഞത്. പ്രതികരണം പിന്നീട് എന്നാണ്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ സമയം കാക്കുന്നു എന്നതിന്റെ സൂചനയാണ്. ആരെങ്കിലും പരസ്യപ്രതികരണത്തിനു തുനിഞ്ഞാല്‍ കൂട്ട പ്രതികരണം വരും. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ അവസരം കാക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഇവര്‍ മുഖാന്തിരം കോണ്‍ഗ്രസിന് ക്ഷീണമുണ്ടായി എന്ന് കരുതുന്നവരാണ് ഏറെ.

അതുകൊണ്ട് തന്നെ കെപിസിസി നേതൃയോഗങ്ങളിലും രാഷ്ട്രീയ സമിതി യോഗങ്ങളിലും സോളാര്‍  പൊട്ടിത്തെറിയായി മാറും. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ മാത്രമാണ് എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമം നടത്തുന്നത്. ഇതില്‍ എ ഗ്രൂപ്പിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. എ ഗ്രൂപ്പ് ഇങ്ങിനെ പ്രതികരിക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം നുരയിടുന്നുമുണ്ട്. ഒന്ന് കെപിസിസിയില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തില്ല. ഹൈക്കമാന്‍ഡിനു അതിനുള്ള അനുവാദം നല്‍കുന്ന പ്രമേയം പാസാക്കി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയാണ്. രണ്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യമായിക്കഴിഞ്ഞു. എല്ലാം മലയാളികള്‍ വായിച്ചും കഴിഞ്ഞു. വദനസുരതം, കൂട്ടിക്കൊടുപ്പുകാര്‍, വഞ്ചിച്ചു എന്നൊക്കെയുള്ള വിശേഷണങ്ങളാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍ എങ്ങിനെ ജനങ്ങളെ സമീപിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും ആശങ്കയുണ്ട്.

സോളാര്‍ വിവാദവും കോണ്‍ഗ്രസ് നേതാക്കളുടെ ചെയ്തികളുമെല്ലാം പ്രതികൂല വോട്ടായി മാറും. ഗുണഭോക്താക്കള്‍ സിപിഎമ്മും ബിജെപിയുമായിരിക്കുകയും ചെയ്യും. പ്രതിസന്ധി പിടിമുറുക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത ഉഴലുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഹൈക്കമാന്‍ഡ് പ്രതിനിധികളോ, രാഹുല്‍ ഗാന്ധി തന്നെയോ ഈ വിഷയങ്ങളില്‍ പരസ്യ പ്രതികരണത്തിനു മുതിര്‍ന്നിട്ടുമില്ല.സോളാര്‍ മുന്നോട്ടുള്ള പോക്കിന് കടിഞ്ഞാണിട്ടിരിക്കുന്നു എന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചറിയുന്നു.