കെ.ശ്രീജിത്ത്
വീണ്ടുമൊരു ചലച്ചിത്രോത്സവം കൂടി വരുന്നു. അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന, മികച്ച സിനിമകള്‍ കാണാനുള്ള ഒരവസരം. എന്നാല്‍ അതിന് ആഗ്രഹമുള്ള എല്ലാവര്ക്കും അതിന് കഴിയുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹമുള്ള എല്ലാവര്ക്കും അതിനുള്ള അവസരമൊരുക്കാന്‍ കഴിഞ്ഞ 21 വര്‍ഷമായിട്ടും നമ്മുക്ക് കഴിഞ്ഞിട്ടില്ലെന്നത് പിടിപ്പുകേടുതന്നെയാണ്.
എല്ലാ വര്‍ഷവും ഇക്കാര്യത്തില്‍ വിമര്ശനങ്ങളുണ്ടാകാറുള്ളതാണ്. ഡെലഗേറ്റ് പാസിനായി അടി വരെ നടക്കാറുമുണ്ട്. എന്നാലും നമ്മുടെ സര്‍ക്കാരിനോ ബന്ധപ്പെട്ട ചലച്ചിത്ര അക്കാദമിയ്ക്കോ ഇത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തവണ വീണ്ടും അതേ പ്രശ്നം തന്നെയാണ് തലപൊക്കുന്നത്. വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലഗേറ്റ് പാസുകള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. ഇതിന് ഞായറാഴ്ച വരെ സമയമുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് അനുവദിക്കപ്പെട്ട പാസുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സിനിമ കാണാന്‍ ആഗ്രഹമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അപേക്ഷ നല്കാന് കഴിയാതെ പുറത്തുനില്‍ക്കുകയാണ്. വെറും ആയിരം പാസുകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ചിട്ടുള്ളതെന്നതാണ് ഇതിന് കാരണം. ഇത് വെറും മണിക്കൂറുകള്‍ കൊണ്ട് തീര്‍ന്നുപോകുമെന്ന് സംഘാടകര്‍ക്ക് അറിയാത്തതല്ല. മികച്ച സിനിമകള്‍ കാണാന്‍ ആഗ്രഹമുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സംസ്ഥാനത്തും പുറത്തുമുണ്ടെന്നും അറിയാത്തതല്ല. എന്നിട്ടും വെറും ആയിരം പാസുകള്‍ മാത്രമാണ് നല്‍കുന്നത്. അതേസമയം പൊതുവിഭാഗത്തില്‍പ്പെടുന്ന ഏഴായിരം പാസുകള്‍ ലഭ്യമാണ്. പാസിനുള്ള ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുള്ളതാണ്. പൊതുവിഭാഗത്തില്പ്പെടുന്നവര് പാസിന് 650 രൂപ നല്‍കേണ്ടപ്പോള്‍ 350 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ഫീസ്. ഈ പണം നല്കാന് തയ്യാറായി തന്നെയാണ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നത്.
ഏത് വീക്ഷണകോണില്‍ നിന്ന് നോക്കിയാലും വിദ്യാര്‍ത്ഥികള്‍ക്ക് വെറും ആയിരം പാസ് എന്നത് സാമാന്യയുക്തിയ്ക്ക് നിരക്കുന്നതല്ല.
കേരളം പോലൊരു സമൂഹത്തില്‍ നല്ല സിനിമകള്‍ക്കുള്ള പ്രേക്ഷകര്‍ സങ്കല്പിക്കാവുന്നതിനുമപ്പുറമാണ്. ഇതില്‍ ഏറിയകൂറും വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നായി ഐ.എഫ്.എഫ്.കെ മാറിയതിന് പിന്നില്‍ സിനിമ കാണാനുള്ള ഈ തിരക്കും ഒരു കാരണമാണ്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ തങ്ങളുടെ സിനിമകള്‍ കാണിക്കാന്‍ ഓരോ ചലച്ചിത്ര പ്രവര്‍ത്തകനും ആഗ്രഹിക്കുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണം. എന്നാല്‍ ആഗ്രഹമുള്ളവര്‍ക്കെല്ലാം സിനിമ കാണാന്‍ കഴിയാത്ത ഒരു ചലച്ചിത്രോത്സവം ജനാധിപത്യ രീതിയില്‍ സംഘടിപ്പിക്കപ്പെടുന്നതാണെന്ന് കരുതുക പ്രയാസമാണ്. ഭാവിതലമുറയ്ക്ക് നല്ല സിനിമകള്‍ കാണാനും ലോകത്താകെ സിനിമ എങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും എന്തെല്ലാം പരീഷണങ്ങളാണ് നടക്കുന്നതെന്നും അറിയാനുള്ള അപൂര്‍വം അവസരങ്ങളിലൊന്നാണ് ചലച്ചിത്രോത്സവം. എന്നാല്‍ അതിനുള്ള അവസരം പരിമിതമാക്കപ്പെടുന്നത് ചലച്ചിത്രകുതുകികളായ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ചെയ്യുന്ന അനീതിയാണ്.
മലയാള സിനിമയുടെ ഭാവി ഈ ചലച്ചിത്രോത്സവങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെങ്കില്, അങ്ങിനെയൊന്നുകൂടി പരിഗണിച്ചാണ് അത് നടത്തുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ കാണാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. അതിന് ആദ്യം ചെയ്യേണ്ടത് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തിയേറ്ററുകളുണ്ടാവുകയും അതിന് ആനുപാതികമായി പാസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യലാണ്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഉപയോഗപ്പെടുത്താന്‍, പഠിക്കാന്‍ ഉപകരിക്കാത്ത ഒരു ഉത്സവവും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കില്ല.
‘സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ കാണുന്നതിനുവേണ്ടിയാണ് ആളുകള്‍ ഫെസ്റ്റിവലില്‍ വരുന്നതും അടിയുണ്ടാക്കുന്നതും. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് അനുവദിച്ചുകൊടുക്കില്ല’ എന്നായിരുന്നു മന്ത്രിയായിരുന്നപ്പോള്‍ കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്. ആ പ്രസ്താവന തന്നെ ഇത്തരം ചലച്ചിത്രോത്സവങ്ങളോടുള്ള ഭരണകൂടത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ കാണുന്നത് എന്തോ അപരാധമാണെന്നും അത്തരം സിനിമകള്‍ സമൂഹത്തിന് ഭൂഷണമല്ലെന്നുമുള്ള ധ്വനി ഒരു നടന് കൂടിയായ ഗണേഷ് കുമാറിന്റെ വാചകങ്ങളിലുണ്ട്. അതായത് അശ്ലീല സിനിമകള്‍ കാണാനാണ് ഈ അടിയെന്ന്. ഭരണകൂടത്തിന്റെ സദാചാരബോധം കാഴ്ചക്കാരില്‍ അടിച്ചേല്പിക്കപ്പെടുമ്പോള് ചലച്ചിത്രബോധം നവീകരിക്കാനുള്ള അവരുടെ അവസരമാണ് നഷ്ടപ്പെടുന്നത്. സമീപകാലത്ത് സെന്‍സര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായിട്ടുള്ള വിവാദങ്ങള്‍ക്കെല്ലാം കാരണം ഭരണകൂടത്തിന്റെ ഈ ഏകാധിപത്യ സ്വഭാവമാണ്.
ചലച്ചിത്രോത്സവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിനിമകള്‍ കാണാനുള്ള അവസരം പരിമിതമാക്കപ്പെടുമ്പോള് ആ സമൂഹം സ്വന്തം വളര്‍ച്ചയുടെ കടയ്ക്കല്‍ തന്നെയാണ് കത്തിവെയ്ക്കുന്നത്. അത് ഒരുതരത്തിലും ഭൂഷണമല്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥ അതിന് കാരണമാകുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കപ്പെടേണ്ടതാണ്.