തോമസ് ചാണ്ടിക്കെതിരായി എജിയുടെ നിയമോപദേശം; രാജി സമ്മര്‍ദമേറുന്നു

0
43


തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നാണ് എജിയുടെ നിയമോപദേശം. ഇതോടെ തോമസ് ചാണ്ടിയുടെ രാജി സമ്മര്‍ദമേറുകയാണ്.

ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് സര്‍ക്കാറിനോടുള്ള നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശത്തില്‍ പറയുന്നു.

മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറിയതിലും, ലൈക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് കളക്ടര്‍ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ഹൈക്കോടതി മന്ത്രി നിയമത്തിന് അതീതനാണോ എന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. കൂടാതെ സിപിഐയുംതോമസ് ചാണ്ടി രാജിവയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.

തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ ഇതുവരെ പരസ്യ പരാമര്‍ശനത്തിന് തയ്യാറായില്ലെങ്കിലും, ചാണ്ടി രാജികാര്യം സ്വയം തീരുമാനിക്കണം എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് എന്‍സിപിയുടെ നിലപാട്.