രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

0
64


തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത എന്‍.സി.പി നേതൃത്വത്തെ അറിയിച്ചു. അപമാന ഭാരത്തോടെ മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്നാണ് തോമസ് ചാണ്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ബുധനാഴ്ചത്തെ കോടതി വിധിവരെ കാത്തിരിക്കണമെന്ന് എന്‍.സി.പി നേതൃത്വം തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ള ഏക മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തരുതെന്നും എന്‍.സി.പി അറിയിച്ചു. രാജ്യത്ത് എന്‍.സി.പിക്കുള്ള ഏക മന്ത്രിയാണ് തോമസ് ചാണ്ടി.

ഒടുവിലത്തെ പിടിവള്ളിയായ എജിയുടെ നിയമോപദേശവും തോമസ് ചാണ്ടിക്കെതിരായ സാഹചര്യത്തിലാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് സര്‍ക്കാറിനോടുള്ള നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്.

അതേസമയം, എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാത്തേക്ക് തിരിച്ച് കൊണ്ടുവരാനും എന്‍.സി.പിയില്‍ നീക്കം നടക്കുന്നുണ്ട്. ശശീന്ദ്രനെതിരായ ഹണി ട്രാപ് കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തിലാണ് ഈ നീക്കം.