എം.മനോജ് കുമാര്‍
തിരുവനന്തപുരം: സോളാര്‍ വിവാദം ആദ്യം പൊന്തിവന്നപ്പോള്‍ തന്നെ സരിതയെ നിശബ്ദമാക്കാനും വിഷയം ഒത്തുതീര്‍പ്പാക്കാനും കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പണം പിരിച്ചിരുന്നതായി സൂചന. സരിതയില്‍ നിന്ന് നേതാക്കള്‍ കൈപ്പറ്റിയ പണം തിരിച്ചുനല്‍കി ഒത്തുതീര്‍പ്പാക്കാനായിരുന്നു ഇത്. എന്നാല്‍ പിന്നീട് സോളാര്‍ വിഷയം കത്തുകയും അത് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ അപ്പോഴും സരിത കമ്മീഷനുമുന്നില്‍ നേതാക്കള്‍ക്കെതിരായി മൊഴി നല്‍കുമെന്ന് പലരും വിശ്വസിച്ചിരുന്നില്ല. കാരണം
അവര്‍ക്ക് നല്‍കാനായി വ്യാപകമായി പിരിച്ചെടുത്ത പണം അവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന ധാരണയായിരുന്നു ഇതിനുപിന്നില്‍. പക്ഷെ നേതാക്കളെ ഞെട്ടിച്ചുകൊണ്ട് സരിത കമ്മീഷന് മുന്‍പാകെ അവര്‍ക്കെതിരെ മൊഴി നല്കി. നാല് വര്‍ഷത്തിന് ശേഷം കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവരികയും ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഗുരുതരമായ ആരോപണം നേരിടുകയും ചെയ്തതോടെ സരിതയുടെ മനം മാറ്റത്തിന്റെ കാരണമെന്തെന്ന അന്വേഷണവുമായി നേതാക്കള്‍ രംഗത്തിറങ്ങി. അപ്പോഴാണ് സരിതയ്ക്കുവേണ്ടി പിരിച്ചെടുത്ത പണം അവരുടെ കൈകളിലെത്തിയില്ലെന്ന യാഥാര്‍ത്ഥ്യം നേതാക്കള്‍ പലരുമറിയുന്നത്. ആ പണം എവിടെപ്പോയി എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ എ ഗ്രൂപ്പ് നേതാക്കള്‍.
സരിത അകപ്പെട്ടിരിക്കുന്ന കേസുകളുടെ വ്യാപ്തി മനസിലാക്കി തന്നെയായിരുന്നു അന്ന് നേതാക്കള്‍ ഫണ്ട് പിരിച്ചത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഈ പണപ്പിരിവ്. പ്രധാനമായും അബ്കാരികളെയും കോണ്‍ഗ്രസ് പണച്ചാക്കുകളെയും കേന്ദ്രീകരിച്ചായിരുന്നു പിരിവ്.
പ്രമുഖ എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹന്നാന്റെയും കെ.ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു ഫണ്ട് പിരിവ് നടന്നത്. ആദ്യ ഘട്ടത്തില്‍ ഫണ്ട് പിരിവിലൂടെ എ ഗ്രൂപ്പ് നേതാക്കള്‍ സരിതയെ കേസുകളില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇത് സരിതയ്ക്ക് അറിയാവുന്ന കാര്യവുമാണ്. തനിക്ക് വന്‍ തുക ലഭിക്കും എന്ന കാര്യത്തില്‍ സരിതയ്ക്ക് എ ഗ്രൂപ്പ് നേതാക്കളില്‍ നിന്ന് തന്നെ ഉറപ്പും ലഭിച്ചിരുന്നു.
സോളാര്‍ വിവാദം കത്തിപ്പടരുന്നതിന്നിടെയാണ് സരിതയില്‍ നിന്ന് ‘ഉമ്മന്‍ചാണ്ടി പിതൃതുല്യന്‍’ എന്ന പ്രയോഗം വന്നത്. സരിത എ ഗ്രൂപ്പ് നേതാക്കളെ വിശ്വാസത്തില്‍ എടുത്ത് നീങ്ങുന്നതിന്നിടെ തന്നെ സരിതയ്ക്കുള്ള ഫണ്ട് പിരിവും തകൃതിയായി നടന്നിരുന്നു. എന്നാല്‍ പൊടുന്നനെ പിരിച്ച ഫണ്ട് അപ്രത്യക്ഷമാകുകയായിരുന്നു. സരിതയ്ക്കായി പിരിച്ച തുക സരിതയുടെ കയ്യില്‍ എത്തിയില്ല. താന്‍ ഈ കാര്യത്തിലും വഞ്ചിതയായെന്നു തിരിച്ചറിഞ്ഞ ശേഷമാണ് സരിത ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുമായുള്ള അഴിമതി-ലൈംഗിക ആരോപണങ്ങള്‍ പരസ്യമാക്കിയത്.
സരിതയ്ക്കായി പിരിച്ച ഫണ്ട് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ മുക്കിയതോടെയാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയത്. അരനൂറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എന്റെ വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നത്. ഇതുവരെ ഇത്തരമൊരപവാദം എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല-ഉമ്മന്‍ചാണ്ടിയുടേത് ഒരു വിലാപമായിരുന്നു. ആ വിലാപത്തിന് കാരണമുണ്ട്. അത്തരമൊരു മൊഴിയാണ് ക്ലിഫ് ഹൗസ് അനുഭവം ചൂണ്ടിക്കാട്ടി സരിത സോളാര്‍ കമ്മിഷനില്‍ നല്‍കിയത്. അഴിമതി ആരോപണം വേറെയും. അന്ന് സരിതയ്ക്ക് വേണ്ടി പിരിച്ച ഫണ്ട് സരിതയുടെ കൈകളില്‍ എത്തിയിരുന്നെങ്കില്‍ ഈ മൊഴിയും ആരോപണവും ഒന്നും പുറത്തു വരുമായിരുന്നില്ല.
മറ്റ് എ ഗ്രൂപ്പ് നേതാക്കളും സുരക്ഷിതരായി ഇരുന്നേനെ. എല്ലാം കോണ്‍ഗ്രസ് സരിതയോട് കാണിച്ച വഞ്ചനയുടെ സാക്ഷ്യപത്രമായി മാറുന്നു. പിരിച്ച പണം ആരുടെ കൈവശമാണെന്ന് തേടിപ്പോയാല്‍ എ ഗ്രൂപ്പില്‍ തന്നെ വന്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചേക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
സോളാര്‍ വിവാദ സമയത്ത് അത്തരമൊരു ഫണ്ട് പിരിവ് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ 24 കേരളയോട് സ്ഥിരീകരിച്ചു. ഉമ്മന്‍ചാണ്ടി സോളാറില്‍ കുരുങ്ങി അസ്തപ്രജ്ഞനായി നില്ക്കുന്ന ഈ സമയത്ത് തന്നെയാണ് അന്നത്തെ ഫണ്ട് എവിടെപ്പോയി എന്ന് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഇത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം കൂടിയാണ്. ഐസ്ക്രീം കേസില്‍ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കുരുങ്ങിയപ്പോള്‍ അന്നത്തെ വിവാദ നായികയായ റെജീനയ്ക്കും ഇന്നു സരിത നേരിടുന്ന രീതിയിലുള്ള
പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. റെജീനയെ നിശബ്ദയാക്കാന്‍ ആവശ്യമായ ഫണ്ട് കുഞ്ഞാലിക്കുട്ടിയുമായി ബന്ധമുള്ള വൃത്തങ്ങളില്‍ നിന്നുതന്നെ ഒഴുകിയെത്തിയിരുന്നു. ആ ഫണ്ട് അന്ന് കൈകാര്യം ചെയ്തത് പിന്നീട് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിയ റൗഫ് ആയിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കൂടിയായ റൗഫ് പക്ഷെ റെജീനയ്ക്ക് നല്കിവന്നിരുന്ന തുക ക്രമേണ കുറച്ചുകൊണ്ടിരുന്നു. ചതി മനസിലാക്കിയാണ് റെജീന കുഞ്ഞാലിക്കുട്ടിക്ക് നേരെ ആരോപണശരങ്ങളുമായി വന്നത്. ആ ആരോപണങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കളങ്കം ചാര്‍ത്തി നിലകൊള്ളുന്നു. നല്‍കാതെ പോയ പണത്തിന്റെ പേരിലാണ് സരിതയും ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞത്. പിതൃതുല്യന്‍ എന്ന പ്രയോഗം പോലും സരിത പിന്നീട് ഓര്‍ത്തതേയില്ല. പകരം തുരുതുരാ ആരോപണങ്ങള്‍ വര്‍ഷിക്കുകയും ചെയ്തു. ആ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില്‍ ശരശയ്യ തന്നെ തീര്‍ത്തിരിക്കുന്നു. ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന പ്രതിച്ഛായാ നഷ്ടത്തിന്റെ നിഴലില്‍ എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ അന്വേഷിക്കുന്നു. സരിതയ്ക്ക് വേണ്ടി അന്ന് പിരിച്ച ഫണ്ട് എവിടെപ്പോയി?