സരിത കെ.ബി.ഗണേഷ്കുമാറിന്‍റെ കയ്യിലെ ശക്തമായ ആയുധം: ഫെനി ബാലകൃഷ്ണന്‍

0
79

തിരുവനന്തപുരം: സരിത.എസ്.നായര്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ കയ്യിലെ ശക്തമായ ആയുധമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ 24 കേരളയോടു പ്രതികരിച്ചു. 2015 മാർച്ച് 13 ന്  സരിത എഴുതിയ കത്ത്  ഞാന്‍ കണ്ടതാണ്. അതില്‍ ഇരുപത്തിയൊന്നു പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതാണ്. ആ കൂട്ടിച്ചേര്‍ക്കലിന് പിന്നില്‍ കെ.ബി.ഗണേഷ്കുമാറാണ്-ഫെനി പറഞ്ഞു.

നാലുപേജ് ആണ് പിന്നീട് കൂട്ടിച്ചേര്‍ത്തത്. ആ കൂടിച്ചേര്‍ക്കലിനെ ഞാന്‍ എതിര്‍ത്തതാണ്. ലൈംഗിക അപവാദങ്ങള്‍ അങ്ങിനെ വന്നതാണ്. നാലു പേജ് പുതുതായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജാണ്. ഇങ്ങിനെ പേജുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്‌ കണ്ടപ്പോള്‍ സരിത ഒന്നും പറഞ്ഞില്ല. സരിത പീഡിപ്പിക്കപ്പെട്ടോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല-ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. ശരണ്യാ മനോജ്‌ എഴുതിക്കൊണ്ട് വന്നത് സരിതയെ വായിച്ചു കേള്‍പ്പിച്ചു. അവരുടെ കൈപ്പടയില്‍ കൂട്ടിച്ചേര്‍ത്തു.

ഗണേഷ് കുമാര്‍ സാറിനു ഇനി മന്ത്രിയാകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇനിയിപ്പോള്‍ എല്ലാവര്‍ക്കും  ഉള്ള പണികൊടുക്കുന്നതാണ് നല്ലത്. മുങ്ങുമ്പോള്‍ എല്ലാവരും മുങ്ങട്ടെ-ശരണ്യാ മനോജ്‌ പറഞ്ഞു. അത് കേട്ടപ്പോഴും സരിത ഒന്നും പറഞ്ഞില്ല. സരിത എന്തുകൊണ്ട് ഗണേഷ്കുമാറിനെ ഒഴിവാക്കി എന്ന് എനിക്കറിയില്ല. ഗണേഷ്കുമാര്‍ ഇതിലെല്ലാം നിറഞ്ഞു കളിച്ച വ്യക്തിയാണ്.

സരിതയ്ക്ക് പിന്നിലെ ശക്തി കെ.ബി.ഗണേഷ്കുമാറാണ്. എന്തുകൊണ്ടാണ് ഗണേഷ്കുമാറിനെക്കുറിച്ച് സരിത ഒന്നും പറയാത്തത് എന്ന് നിങ്ങള്‍ സരിതയോട് തന്നെ ചോദിക്കണം. ഇതിനിടയ്ക്ക് സരിതയും ഞാനും തമ്മില്‍ വഴക്കും ബഹളവും ഉണ്ടായി. ഞാന്‍ യുഡിഎഫിന്റെ ആളായി സംസാരിക്കുന്നു എന്നായിരുന്നു സരിതയുടെ പരാതി. അങ്ങിനെയാണ് സരിതയുടെ വക്കാലത്ത് ഞാന്‍ ഒഴിഞ്ഞത്. സരിത ഇന്നു വെളിയില്‍ ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അതിനു കാരണം എന്റെ വാദങ്ങളാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ ഞാനാണ് പല കേസുകളില്‍ നിന്നും സരിതയെ രക്ഷപ്പെടുത്തിയത്. ഇന്നും ജാമ്യത്തിലാണ് സരിത-ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ദിരാ ഭവനില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് സാധൂകരിക്കുന്ന വിധത്തിലാണ് ഫെന്നി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സരിതയുടെ ആദ്യമൊഴി 21 പേജ് ആയിരുന്നു എന്നാണു ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. അന്നത്തെ ജയില്‍ മേധാവിയായ അലക്സാണ്ടര്‍ ജേക്കബ് അത് സാധൂകരിക്കുന്നുണ്ട്‌ എന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.