തിരുവന്തപുരം : സരിതാനായരുടെ വസ്ത്രധാരണരീതിയും മറ്റും നോക്കി അവരെ ഓര്മിക്കാനുള്ള കഴിവ് സോളാര്‍ കമ്മിഷനെപ്പോലെ തനിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഞാനവരെ കണ്ടിട്ടില്ലെന്നു പറഞ്ഞിട്ടില്ല. ഇന്നയാള് എന്നനിലയില്‍ ഞാന്‍ അവരെ മനസ്സിലാക്കിയിരുന്നില്ല. ബിജു രാധാകൃഷ്ണന് അവരെക്കുറിച്ചു പറഞ്ഞപ്പോഴാണ് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്. അവര്‍ വരികയും നിവേദനം തരികയുമൊക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ, ഇന്നയാള് എന്നനിലയില്‍ അറിയുമായിരുന്നില്ലന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി .
ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശ്വാസമാണ് തന്റെ ശക്തി. അന്തിമവിധിവരുമ്പോള് തലയുയര്‍ത്തിത്തന്നെ നില്ക്കും. രമേശ് ചെന്നിത്തല നിയമസഭയില്‍ തന്റെ പേരുപറഞ്ഞത് എന്തോ നീക്കത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതുകണ്ടു. ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിതന്നെ എന്റെ പേര് പറഞ്ഞതാണ്. രമേശുമായി ബന്ധപ്പെട്ട് ഒരാക്ഷേപവും കേട്ടു. ഇതിന്റെപേരില്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്നു വരുത്താനുള്ള നീക്കമൊന്നും വിജയിക്കില്ല അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ ചിത്രം ഉള്‍പ്പെടുത്തി ടീം സോളര്‍ നല്കിയ പരസ്യം ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ കാണിച്ചു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ആനുകൂല്യം ഇവര്‍ക്കു കിട്ടിയെന്ന് കമ്മിഷന് തെളിയിക്കാന്‍ കഴിഞ്ഞോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.