സൗണ്ട് ഓഫ് സൈലൻസ് ഡിസംബർ 8 ന് പ്രദര്‍ശനത്തിനെത്തുന്നു

0
53

തിരുവനന്തപുരം: ഡോ ബിജു സംവിധാനം ചെയ്ത ചിത്രം സൗണ്ട് ഓഫ് സൈലൻസ് ഡിസംബർ 8 ന് ആദ്യ ഘട്ട റിലീസിങ്ങിലേക്ക്. തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിലീസിങ്ങിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

20 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് സൗണ്ട് ഓഫ് സൈലൻസ്.

ഐ എഫ് എഫ് കെയില്‍ സെലക്ഷൻ കമ്മറ്റി ഒഴിവാക്കിയ ചിത്രമാണ് സൗണ്ട് ഓഫ് സൈലൻസ്. മേളയിൽ ചിത്രം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ചിത്രം കാണാൻ കാത്തിരുന്ന ഒട്ടേറെ ഡെലിഗേറ്റുകൾ ഉണ്ട്. ചിത്രം എന്നാണ് ഇനി തിയറ്റർ റിലീസ് ഉണ്ടാകുക എന്ന് പലരും അന്വേഷിക്കുന്നുമുണ്ട്. അവരൊക്കെയും തിരുവനന്തപുരത്ത് മേളയിൽ പങ്കെടുക്കുവാൻ എത്തുന്ന സമയം ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുകയാണെങ്കിൽ കാണാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരം ലഭിക്കും എന്ന് കരുതിയാണ് ഡിസംബർ 8 മുതൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സൗണ്ട് ഓഫ് സൈലൻസ് ഡിസംബർ 8 ന് ആദ്യ ഘട്ട റിലീസ് ചെയ്യുന്നു. തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനോടകം 20 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് സൗണ്ട് ഓഫ് സൈലൻസ്.ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ നവംബർ 15 ന് കൊൽക്കത്ത ചലച്ചിത്ര മേളയിൽ നടക്കും. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിലാണ് ചിത്രം കൊൽക്കത്ത മേളയിൽ പ്രദർശിപ്പിക്കുന്നത്. ചിത്രം ഡിസംബർ 8 ന് തിരുവനന്തപുരത്ത് റിലീസ് ചെയ്യുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട്. കേരള ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുത്ത നിരൂപകരും സംവിധായകരും ഉൾപ്പെട്ട ചലച്ചിത്ര അക്കാദമിയുടെ വിദഗ്ദ്ധ സെലക്ഷൻ കമ്മറ്റി ഒഴിവാക്കിയ ചിത്രമാണ് സൗണ്ട് ഓഫ് സൈലൻസ്. മേളയിൽ ചിത്രം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ചിത്രം കാണാൻ കാത്തിരുന്ന ഒട്ടേറെ ഡെലിഗേറ്റുകൾ ഉണ്ട്. ചിത്രം എന്നാണ് ഇനി തിയറ്റർ റിലീസ് ഉണ്ടാകുക എന്ന് പലരും അന്വേഷിക്കുന്നുമുണ്ട്. അവരൊക്കെയും തിരുവനന്തപുരത്ത് മേളയിൽ പങ്കെടുക്കുവാൻ എത്തുന്ന സമയം ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുകയാണെങ്കിൽ കാണാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരം ലഭിക്കും എന്ന് കരുതിയാണ് ഡിസംബർ 8 മുതൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. കേരള ചലച്ചിത്ര മേളയിലെ കാണികളെ കുറിച്ച് ചിലർ പൊതുവായി ഉന്നയിക്കുന്ന ഒരു ആരോപണം ഉണ്ട്. മേളയിൽ ചിത്രങ്ങൾ കാണാൻ തിരക്ക് കൂട്ടുന്നവർ ഇത്തരം ചിത്രങ്ങൾ തിയറ്ററിൽ റിലീസ് ചെയ്യുമ്പോൾ അവിടേക്ക് എത്താറില്ല എന്നതാണ് ആ ആരോപണം. ഇത് ശരിയോ എന്ന് പരീക്ഷിക്കാൻ കൂടിയുള്ള ഒരു അവസരം ആയി സൗണ്ട് ഓഫ് സൈലൻസിന്റെ റിലീസ് കണക്കാക്കാം. ഒരു പക്ഷെ ഈ സിനിമ കേരള ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കാണികൾ തിക്കി തിരക്കി കാണാൻ സാധ്യത ഉള്ള ചിത്രമായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. (കഴിഞ്ഞ തവണ കാട് പൂക്കുന്ന നേരത്തിന്റെ കാണികളുടെ തിരക്ക് ഉദാഹരണം). ഏതായാലും തിരുവനന്തപുരത്തു മേളയിൽ പങ്കെടുക്കാൻ എത്തുന്ന സുഹൃത്തുക്കൾക്ക് ഈ സിനിമ കാണുവാൻ താല്പര്യം ഉണ്ടെങ്കിൽ ആ ആഴ്ച്ച ഏരീസ് പ്ലസ് തിയറ്ററിൽ സിനിമ കാണുവാൻ നിങ്ങൾക്ക് അവസരം ഉണ്ടാകും. മേളയിൽ തിക്കി തിരക്കി സിനിമ കാണുന്ന ഡെലിഗേറ്റുകൾ സിനിമ തിയറ്ററിൽ എത്തുമ്പോൾ മുഖം തിരിക്കുന്ന കാപട്യം ഉള്ളവരാണ് എന്ന ആരോപണം ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ.അതുകൊണ്ട് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം..ഡിസംബർ 8 മുതൽ സൗണ്ട് ഓഫ് സൈലൻസ് തിരുവനന്തപുരം ഏരീസ് തിയറ്ററിൽ റിലീസ് ചെയ്യുകയാണ്…ഈ ചെറിയ സിനിമ കാണുവാൻ ഏവരെയും ക്ഷണിക്കുന്നു.