എന്‍സിപി കടുത്ത ആശയക്കുഴപ്പത്തില്‍; ചാണ്ടി രാജിവെച്ചാല്‍ ഉള്ളതുകൂടി നഷ്ടപ്പെടുമോയെന്ന് ഭയം

0
59

എം.മനോജ് കുമാര്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ-നിലം നികത്തല്‍ ആരോപണങ്ങളില്‍പ്പെട്ട് വലയുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ എന്‍സിപി കടുത്ത ആശയക്കുഴപ്പത്തില്‍. ചാണ്ടി രാജിവെച്ചാല്‍ എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാന്‍ കഴിയണം. അതുണ്ടായില്ലെങ്കില്‍ അധികാര രാഷ്ട്രീയത്തില്‍ പാര്‍ട്ടി അപ്രസക്തമാകുമെന്ന് എന്‍സിപി നേതാക്കള്‍ നന്നായിട്ടറിയാം. അതേസമയം രാജ്യത്താകെക്കൂടി പാര്‍ട്ടിയ്ക്കുള്ള ഒരേയൊരു മന്ത്രി സ്ഥാനം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ലെന്ന നിലപാടാണ് ദേശീയനേതൃത്വത്തിനുള്ളത്. ഇതിനിടിയിലാണ് തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗം.

യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാടുകളും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശവും വിശദീകരിക്കാനാണ് എന്‍സിപി ഒരുങ്ങുന്നത്. ചൊവാഴ്ച കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം മാത്രമെ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഒരു നിലപാടിലെത്താന്‍ കഴിയൂവെന്ന് നേതൃത്വം ഇടതുമുന്നണിയെ അറിയിക്കും. ഇക്കാര്യം ഇതുവരെ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനുള്ള സാവകാശം ആവശ്യമാണെന്നുമാണ് എന്‍സിപിയുടെ നിലപാട്. കേസില്‍ ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന പരോക്ഷമായ നിലപാടാണ് എന്‍സിപിക്കുള്ളത്. ഒപ്പം തന്നെ ഇനി തോമസ് ചാണ്ടി രാജിവെയ്ക്കുകയാണെങ്കില്‍ ശശീന്ദ്രനെ നിര്‍ബന്ധമായും മന്ത്രിയാക്കണമെന്നും ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ എന്‍സിപി നേതാക്കള്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദമാണ് സംസ്ഥാന നേതൃത്വത്തിന് മേലുള്ളത്.

ഇടതുമുന്നണിയുടെ സമ്മര്‍ദ്ദത്തില്‍  കുരുങ്ങി തോമസ് ചാണ്ടി വെച്ചാല്‍ ശശീന്ദ്രനെ മന്ത്രിയാക്കുമെന്ന് എന്തുറപ്പാണുള്ളതെന്ന് എന്‍സിപി നേതാക്കള്‍ ചോദിക്കുന്നു. മറ്റ് ഘടകകക്ഷികള്‍ ധാര്‍മികതയുടെ രാഷ്ട്രീയം എടുത്തിട്ട് അതില്‍ തട്ടി ശശീന്ദ്രന്റെ സാധ്യതകള്‍ ഇല്ലാതാകുമോ എന്നതാണ് അവരെ ഭയപ്പെടുത്തുന്നത്. ഹണിട്രാപ്പില്‍ കുരുങ്ങി ശശീന്ദ്രന്‍ ഒഴിഞ്ഞ അവസരത്തിലാണ് തോമസ് ചാണ്ടി മന്ത്രിയായത്. തോമസ് ചാണ്ടിയാണെങ്കില്‍ വയല്‍-നികത്തല്‍ കായല്‍ കയ്യേറ്റങ്ങളില്‍ കുരുങ്ങുകയും ചെയ്തു.

ശശീന്ദ്രന്റെ കാര്യത്തില്‍ ഒരു കേസ് മാത്രമേ ഒത്തുതീര്‍ന്നിട്ടുള്ളൂ. മംഗളം ചാനലിലെ അവതാരിക നല്‍കിയ പരാതി മാത്രം. അതും ഒത്തുതീര്‍ന്നിട്ടില്ല. പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഹണിട്രാപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല. അത് അടുത്ത മാസം നല്‍കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കുറ്റവിമുക്തനായാല്‍ മന്ത്രി സ്ഥാനം തിരികെ നല്‍കാമെന്നു പാര്‍ട്ടി തന്നെ  പറഞ്ഞിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജി ആവശ്യം മുറുകിയാല്‍ അടുത്ത മാസം വരെ  സമയം ചോദിക്കാനാണ് പാര്‍ട്ടി പരിപാടി. രാജി ആവശ്യം  കഴിയുന്നതും വൈകിക്കുക. ഇതാണ് തത്ക്കാലം പാര്‍ട്ടി നേതൃത്വം പദ്ധതിയിടുന്നത്.

തോമസ് ചാണ്ടി തന്നെ മന്ത്രിയായി തുടരണം എന്ന കടുംപിടുത്തത്തില്‍ നിന്ന് അയഞ്ഞ എന്‍സിപി അങ്ങിനെയാണെങ്കില്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടിലേയ്ക്ക് ചുവടുമാറിയിട്ടുണ്ട്. അതുകൊണ്ടാണ് ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി മന്ത്രി പദവി തിരികെ നല്‍കും എന്ന കാര്യം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ തന്നെ ഇന്നലെ അറിയിച്ചത്. സിപിഎമ്മും സിപിഐയും ഒരുപോലെ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ചതും എജിയുടെ നിയമോപദേശം എതിരായതുമാണ് പാര്‍ട്ടിക്ക് പൊടുന്നനെ വന്ന മനംമാറ്റത്തിനു കാരണം.

എന്തായാലും ഇന്നത്തെ ഇടത് മുന്നണി യോഗം എന്‍സിപിയ്ക്ക്‌ നിര്‍ണായകമാണ്.