തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി നിര്‍ണ്ണായക യോഗം ഇന്ന്

0
42

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി നിര്‍ണ്ണായക ഇടത് മുന്നണി യോഗം ഇന്ന് ചേരും. ഉച്ചക്ക് രണ്ട് മണിക്ക് എ.കെ.ജി സെന്‍ററിലാണ് യോഗം. മന്ത്രിസ്ഥാനത്തുനിന്നുള്ള തോമസ്ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സി.പി.ഐ.യും നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്ന് സി.പി.എമ്മും നിലപാടെടുത്ത സാഹചര്യത്തിലാണ് യോഗം  ചേരുന്നത്.

ചാണ്ടി വിഷയത്തിൽ സിപിഐയുടെ പക്ഷത്തുനിന്നും രാജി സമ്മർദ്ദം നിലനിൽക്കുന്നതിനാൽ ഇന്ന് നടക്കുന്ന യോഗം നിർണായകമാകും. എന്നാൽ കോടതി വിധി വരട്ടെ എന്ന വാദം ഉയർത്തിയാണ് എൻ.സി.പി ചാണ്ടിയുടെ രാജിയെ പ്രതിരോധിക്കുന്നത്.
തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം എന്‍.സി.പി.യുടെ മേല്‍ അടിച്ചേല്പിച്ചെന്ന ധാരണ സൃഷ്ടിക്കപ്പെടരുതെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് എല്‍.ഡി.എഫ്. യോഗം ചേരാനുള്ള തീരുമാനം.

ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പ് നടത്തി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി. കായല്‍ കൈയേറി തുടങ്ങിയ ആക്ഷേപങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.