കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’. ഇക്കാര്യം ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അമ്മയുടെ പ്രതിനിധികള്‍ ഇതിനെതിരെ നിലപാടെടുത്തതോടെയാണ് ചര്‍ച്ച അലസിയത്.
അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ക്കുകയായിരുന്നു. പിന്നീട് ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഇന്നസെന്റും ഗണേഷ്കുമാറും നിലപാടറിയിച്ച ശേഷം മടങ്ങി. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.
അതേസമയം, ഫിലിം ചേംബറിന്റെ ഇപ്പോഴുള്ള ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റു സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാറിന്റെ വിശദീകരണം. മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.