ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദിച്ചതിന്റെ ക്ഷീണം തീരുന്നതിനു മുമ്പെ അടുത്ത പിഴവ്. ഇത്തവണ ജീവനക്കാരന്റെ നോട്ടക്കുറവു മൂലം ശാരീരിക അവശതയുള്ള യാത്രക്കാരി വീല്‍ച്ചെയറില്‍ നിന്ന് താഴെവീണ് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രി ലഖ്നൗ വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ഉര്‍വശി പരിഖ് വിരെന് എന്ന യാത്രക്കാരിക്കാണ് വീല്‍ ചെയറില്‍ നിന്ന് വീണ് പരിക്കേറ്റത്. ഇവരെ ഇന്‍ഡിഗോ ജീവനക്കാരന് വീല്‍ചെയറില്‍ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ വീല്‍ചെയര്‍ അനങ്ങാതെ ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നു.
പരിക്കേറ്റ ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ജീവനക്കാരനെ ന്യായീകരിച്ച് ഇന്‍ഡിഗോ രംഗത്തെത്തി. അപകടം മാനുഷിക പിഴവല്ലെന്നാണ് ഇന്‍ഡിഗോയുടെ വാദം.