ഇറാഖിലും ഇറാനിലും ഭൂചലനം ; മരണസംഖ്യ 129

0
47

ടെഹ്റാൻ : ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം ശക്തമായ ഭൂചലനം. ഇറാൻ – ഇറാഖ് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 129 ആയി. പ്രാദേശിക സമയം രാത്രി 9.20നായിരുന്നു ഭൂചലനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇറാഖ് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറിയുള്ള സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് മേധാവി പിർ ഹുസൈൻ കൂലിവൻഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോർടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആർഐഎൻഎന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും തകർന്നിട്ടുമുണ്ട്.

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെയും വിറപ്പിച്ചു. കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. മൂന്നു മിനിറ്റോളം പ്രകമ്പനം നീണ്ടു നിന്നതായി ജനങ്ങള്‍ പറഞ്ഞു .

കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയത്. വീടുകളുടെ ജനല്‍ ചില്ലുകള്‍ തകരുകയും മറ്റും ചെയ്തതിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തിറങ്ങി.

കുവൈത്തില്‍ ആദ്യമായാണ് ഇത്ര തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്. യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു, ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അപകട വിവരങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു