ഡല്‍ഹിയില്‍ മലിനീകരണ തോത് വീണ്ടും ഉയര്‍ന്നു; ട്രെയിനുകള്‍ വൈകിയോടുന്നു

0
46


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും ഉയര്‍ന്നു. ഞായറാഴ്ച കുറഞ്ഞുനിന്ന വിഷവാതക തോത് ഇന്ന് രാവിലെ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. കനത്ത പുകമഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ 69 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും എട്ടു ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.

അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിച്ചതും താപനിലയിലുണ്ടായ കുറവും കാറ്റിന്റെ ഗതിയില്‍ വന്ന വ്യത്യാസവുമാണ് മലിനീകരണ തോത് ഉയരാന്‍ കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഡല്‍ഹിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ മലിനവായുവും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്.

അതേസമയം, ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാല് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വീണ്ടും തുറന്നു. എന്നാല്‍ ഗുഡ്ഗാവിലെ സ്‌കൂളുകള്‍ ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.