തിരുവനന്തപുരം: ഭൂമി കൈയേറ്റ വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ പിടിച്ചുപുറത്താക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാളെ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതും അദ്ദേഹത്തിന് നിര്‍ണായകമാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വളരെ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഹൈക്കോടതി ഉയര്‍ത്തിയത്. തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖയാണ് കോടതിയില്‍ കേസ് വാദിക്കുന്നത്.
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് എന്‍സിപി നേതൃത്വം വ്യക്തമായ സൂചന നല്കി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍ണായക ഇടതുമുന്നണി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല.