ദേവസ്വം ബോര്‍ഡ്: കാലാവധി ചുരുക്കിയതിനെതിരെ കോണ്‍ഗ്രസ് കോടതിയിലേയ്ക്ക്‌

0
67

എം.മനോജ്‌കുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി രണ്ടു വര്‍ഷമായി ചുരുക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചേക്കും. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് അംഗങ്ങളുടെ കാലാവധി രണ്ടു വര്‍ഷമായി ചുരുക്കിയതെന്ന നിലപാടിലാണ് കോണ്‍ഗ്രസ്‌.

ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ കാലാവധി കുറച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കരുത് എന്ന് ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം ഫലത്തില്‍ അനുകൂലമാകാന്‍ ഇടയില്ലെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴിയെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍.

ബോര്‍ഡ് അംഗങ്ങളുടെ കാലാവധി ഫലത്തില്‍ രണ്ടു വര്‍ഷമായി കുറച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട നിലയിലായി. കാരണം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുന്ന വേളയില്‍ തന്നെയാണ് ബോര്‍ഡ്‌ അംഗങ്ങളുടെ കാലാവധി കുറച്ച സര്‍ക്കാര്‍ തീരുമാനവും വന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനു പുറകെ പോയി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഈ തീരുമാനം വഴിവെച്ചില്ല.

കോണ്‍ഗ്രസിലെ ഹിന്ദു നേതാക്കള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഇടത് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലുള്ളത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോ വി.ഡി.സതീശനോ കെ.മുരളീധരനോ ഒക്കെയാണ് എതിര്‍ക്കേണ്ടിയിരുന്നത്. പക്ഷെ എല്ലാവരും സോളാറിനു പിറകെ പോയി. അത് പ്രയാറിനും അജയ് തറയിലിനും തിരിച്ചടിയായി മാറുകയും ചെയ്തു.

ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചപ്പോള്‍ ഫലത്തില്‍ ബോര്‍ഡ്‌ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ബോര്‍ഡിനു പുറത്തായി.
പക്ഷെ സാങ്കേതികാര്‍ത്ഥത്തില്‍ ഇവര്‍ക്ക് തുടരാം. കാരണം സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നത് വരെ ഇവര്‍ക്ക് തുടരാം. ആ അര്‍ത്ഥത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ദേവസ്വം ബോര്‍ഡില്‍ തുടരുന്നുമുണ്ട്.

‘ഞങ്ങള്‍ ഇപ്പോഴും ബോര്‍ഡ്‌ അംഗങ്ങള്‍ തന്നെ. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഇതേവരെ ഒപ്പുവെച്ചിട്ടില്ല. കോടതിയില്‍ വേണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാനും കഴിയും.” അജയ് തറയില്‍ 24 കേരളയോടു പ്രതികരിച്ചു. ചൊവ്വാഴ്ച
അജയ് തറയില്‍ പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നുണ്ട്. ആ വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ കാലാവധി കുറച്ച തീരുമാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നേക്കും. വാര്‍ത്താസമ്മേളന കാര്യം അജയ് തറയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്നും അജയ് തറയില്‍ പറഞ്ഞു.

ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി.യോഹന്നാന്റെ അധീനതയിലുള്ള ദേവസ്വം ബോര്‍ഡിന്റെ 100 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരികെ പിടിക്കാന്‍ നടപടി തുടങ്ങിയപ്പോഴാണ് പ്രയാറിനെയും അജയ് തറയിലിനേയും തെറുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കയ്യേറ്റ ഭൂമി തിരിച്ചെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ പ്രയാര്‍ നടപടി തുടങ്ങിയിരുന്നു. എരുമേലിയിലെ 100 ഏക്കര്‍ ദേവസ്വം ഭൂമി വീണ്ടെടുക്കാനാണ് പ്രയാര്‍ നടപടി തുടങ്ങിയത്. ദേവസ്വം ഭൂമി വീണ്ടെടുക്കണമെന്നു ദേവസ്വം ബോര്‍ഡ്‌ രേഖാമൂലം റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു.