ദേവസ്വം ബോര്‍ഡ് കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി

0
72


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി.സദാശിവം വിശദീകരണം ആവശ്യപ്പെട്ടു. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിലാണ് അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കി അയച്ചത്.

ശബരിമല മണ്ഡല, മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചത്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

നിലവിലെ ഭരണസമിതി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് മന്ത്രിസഭാ തീരുമാനം. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് സ്ഥാനമൊഴിയേണ്ടിവരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ ഭരണസമിതി നിലവില്‍ വന്നത്.