എം.മനോജ് കുമാര്‍
തിരുവനന്തപുരം: ‘പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുമീതെ ചാഞ്ഞാല്‍ വെട്ടണം’ എന്ന പഴമക്കാരുടെ ചൊല്ല് നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണോ സിപിഎം? പി.ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയിലുണ്ടായ രൂക്ഷമായ വിമര്‍ശനവും ഇക്കാര്യങ്ങള്‍ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനവും ഈ വഴിയ്ക്കുള്ളതാണെന്നുവേണം കരുതാന്‍.
കുറച്ചുകാലമായി സിപിഎമ്മിലെ ‘കണ്ണൂര്‍ ലോബി’യുടെ പ്രഭ മങ്ങിക്കൊണ്ടിരിക്കുകയാണ്. ലൈംഗികാരോപണത്തെത്തുടര്‍ന്ന് പി.ശശിയ്ക്കെതിരെയുണ്ടായ നടപടി തൊട്ട് തുടങ്ങുന്നു അത്. എന്ത് ചെയ്താലും കണ്ണൂര്‍ നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുമെന്ന അഹന്തയ്ക്കേറ്റ ആദ്യ പ്രഹരമായിരുന്നു അത്. പിന്നീട് ഇ.പി.ജയരാജനോട് രാജിവെയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചപ്പോള്‍ അത് ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. അന്ന് ഇ.പി.ജയരാജന് തന്നെ അതില്‍ ഞെട്ടിത്തരിച്ചിരുന്നു. എന്തുവന്നാലും പിണറായിയും കോടിയേരിയും സംരക്ഷിക്കുമെന്ന തോന്നലിലായിരുന്നു അന്ന് ജയരാജന്. എന്നാല്‍ അദ്ദേഹത്തിന്റെ ആ മിഥ്യാധാരണ മാറ്റിക്കൊടുക്കാന്‍ സിപിഎമ്മിന് അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇതാ ഇപ്പോള്‍ പി.ജയരാജന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ജയരാജന്മാരുടെ പ്രസക്തി ഇല്ലാതാക്കും വിധമാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതും കണ്ണൂര്‍ക്കാരായ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമുള്ളപ്പോള്. പതിറ്റാണ്ടുകളായി കണ്ണൂരില്‍ സിപിഎം രാഷ്ട്രീയത്തിന്റെ കുന്തമുനകളായി നിന്നിരുന്ന പി.ജയരാജന്, ഇ.പി.ജയരാജന്, എം.വി.ജയരാജന് എന്നീ ത്രിമൂര്‍ത്തികളുടെ പ്രതാപമാണ് മങ്ങുന്നത്. ബന്ധുത്വ നിയമന പ്രശ്നങ്ങള്‍ വന്നപ്പോള്‍ മന്ത്രി പദവി നഷ്ടമായി പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട അവസ്ഥയിലാണ് ഇ.പി.ജയരാജന്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയതോടെ എം.വി.ജയരാജനും കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തില്‍ വലിയ റോള്‍ ഇല്ലാതിരിക്കുകയാണ്. ഈ രണ്ടു ജയരാജന്മാരുടെ അഭാവത്തിലും കണ്ണൂര്‍ സിപിഎമ്മിനെ കൈപ്പിടിയില്‍ നിര്‍ത്തിയിരുന്ന പി.ജയരാജനെതിരെയും ഇപ്പോള്‍ പാര്‍ട്ടി നടപടി വന്നിരിക്കുന്നു.
സ്വയം മഹത്വവല്ക്കരിക്കുന്നതിനായി പി. ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജയരാജനെതിരായ നടപടി കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വിമര്‍ശനം ഉയര്‍ന്നതോടെ സംസ്ഥാന സമിതിയോഗം അവസാനിക്കാന്‍ നില്‍ക്കാതെ പി.ജയരാജന് ഇറങ്ങിപ്പോയത് പ്രശ്നങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത് എന്ന തോന്നലുളവാക്കുന്നുണ്ട്. ഇങ്ങിനെയെങ്കില്‍ പാര്‍ട്ടി കണ്ണൂര്‍ സെക്രട്ടറിയായി തുടരാന്‍ തന്നെ പ്രയാസമാണ് എന്ന ജയരാജന്റെ പ്രതികരണം കൂടി യോഗത്തില്‍ വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് സിപിഎം നേതാക്കള്‍ തന്നെ സമ്മതിക്കുകയാണ്.
”പാര്‍ട്ടിക്ക് മീതെ ചായുന്ന മരങ്ങള്‍ പാര്‍ട്ടി വെട്ടാറുണ്ട്. ആരും പാര്‍ട്ടിക്ക് അതീതരല്ല.” ഉന്നത സിപിഎം നേതാവ് 24 കേരളയോട് പ്രതികരിച്ചു. നിരന്തരമായി സ്വയം വിമര്‍ശനം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ഒരു നേതാവിനും ഇത്തരം കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് കഴിയില്ല. രണ്ടു രീതിയില്‍ ഉള്ള വിമര്‍ശനങ്ങള്‍ വരും. പാര്‍ട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും വിമര്‍ശനം വരും. ഇഎംഎസും എകെജിയും വരെ പാര്‍ട്ടി ശാസനകള്‍ക്ക് വിധേയമായിട്ടുണ്ട്. നേതാക്കള്‍ സോഷ്യല്‍ മീഡിയ ആയുധമാക്കുമ്പോള്‍ വിമര്‍ശനം വരും. ജയരാജനെതിരെയും വിമര്‍ശനം വന്നു. വിമര്‍ശനം സംഘടനാപരമായ ചട്ടക്കൂടുകളില്‍ സ്ഥാനം പിടിക്കുന്ന കാര്യമാണ്. അച്ചടക്കമാണ് പാര്‍ട്ടിയുടെ മുഖമുദ്രയും കരുത്തും. അതുകൊണ്ടാണ് ഇത്തരം നടപടികള്‍ വരുന്നത് – നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പി. ജയരാജന് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് കയ്യേറി മൈക്ക് വെച്ച് പ്രസംഗിച്ച കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പി.ജയരാജന്റെ പ്രതികരണം ഇങ്ങിനെയായിരുന്നില്ല. സ്വയം തെറ്റ് സമ്മതിച്ചു കൊണ്ടാണ് ജയരാജന് പ്രതികരിച്ചത്.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായനായി പി.ജയരാജന് വളരുന്നതിന്നിടെയാണ് കഴിഞ്ഞ വര്‍ഷം പയ്യന്നൂരിലെ ബിഎംഎസ് പ്രവര്ത്തകന് രാമചന്ദ്രന്റെ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്ത്തകന് നന്ദകുമാറിനെതിരെ പൊലീസ് കാപ്പ ചുമത്തിയ സംഭവത്തില്‍ പി.ജയരാജന്റെ ഇടപെടലാണ് പാര്‍ട്ടിയില്‍ ജയരാജന് പ്രശ്നം സൃഷ്ടിച്ചത്.
കേരളത്തിലെ പൊലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന് ആയിരിക്കെയാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിന് മാര്‍ച്ച് നടത്തുകയും സ്റ്റേഷന് കയ്യേറി പി.ജയരാജന് മൈക്ക് വെച്ച് പൊലീസിനെതിരെ പ്രസംഗിക്കുകയും ചെയ്തത്. ഇത് പാര്‍ട്ടിയില്‍ ജയരാജനെതിരെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തോടുകൂടിയാണ് പി.ജയരാജന്റെ നടപടികള്‍ പാര്‍ട്ടിയില്‍ വിമര്‍ശന വിധേയമായി തീരുന്നത്. ഈ സംഭവം സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെയാണ് പി.ജയരാജന്റെ നടപടിക്കെതിരെ രംഗത്തുവന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജയരാജനെ പോലൊരു നേതാവ് പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയത് ശരിയല്ലെന്ന് കുറ്റപ്പെടുത്തി. കണ്ണൂരില്‍ ജയരാജനേപ്പോലൊരു നേതാവ് ഇങ്ങനെ ചെയ്താല്‍ മറ്റിടങ്ങളിലും അതാവര്ത്തിക്കപ്പെടുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഈ സംഭവത്തോടെയാണ് ജയരാജന്റെ നടപടികള്‍ പാര്‍ട്ടി നിരീക്ഷിച്ചു തുടങ്ങിയത്. അന്ന് ജയരാജന് പറഞ്ഞത് നടപടി തെറ്റായിപ്പോയെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയുടെ തിരുത്ത് അംഗീകരിക്കുന്നുവെന്നുമാണ്. പക്ഷെ ഇന്നലത്തെ സിപിഎം യോഗത്തില്‍ വിമര്‍ശനം വന്നപ്പോള്‍ ജയരാജന് പ്രതികരിച്ചത് ഇങ്ങിനെയെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തന്നെ പ്രയാസമാകും എന്ന നിലയിലാണ്. പാര്‍ട്ടിയും മാറുന്നു; ജയരാജനും മാറുന്നു എന്ന രീതിയില്‍ സിപിഎമ്മില്‍ കാര്യങ്ങള്‍ മാറുകയാണ്.
വസ്തുതകള്‍ മനസിലാക്കിയുള്ള ഒരു പ്രതികരണം പി.ജയരാജന് ഇന്നു കണ്ണൂരില്‍ നടത്തിയിട്ടുണ്ട്. പാർട്ടിയുടെ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് ജയരാജന് കണ്ണൂരില്‍ ഇന്നു പ്രതികരിച്ചത്. ഗ്രാമീണ കലാവേദികൾ ഗാനങ്ങൾ തയാറാക്കുന്നതു തന്നോട് ആലോചിച്ചിട്ടല്ല. പാർട്ടി തീരുമാനിച്ച കാര്യങ്ങളാണു കണ്ണൂരിലും നടപ്പാക്കുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ താൻ ഇറങ്ങിപ്പോയി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും ജയരാജൻ പറഞ്ഞു. പക്ഷെ കണ്ണൂര്‍ സിപിഎം രാഷ്ട്രീയം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ പാര്‍ട്ടിയില്‍ ആസൂത്രിതമായ നീക്കമുണ്ടെന്ന് ജയരാജന് ഉറച്ചു വിശ്വസിക്കുന്നുണ്ട്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചു വരുന്ന ജനസമ്മിതിയാണ് ഒരു വിഭാഗം തനിക്കെതിരെ നീങ്ങാന്‍ കാരണമെന്നാണ് ജയരാജന് കരുതുന്നത്. നിലവില്‍ കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലെ ശക്തമായ റോള്‍ കയ്യാളുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പി.ജയരാജനാണ്. ആ പി.ജയരാജന്റെ പ്രവര്‍ത്തനങ്ങളിലാണ് പാര്‍ട്ടി പൊരുത്തക്കേടുകള്‍ ദര്‍ശിക്കുന്നതും തിരുത്താന്‍ ആവശ്യപ്പെടുന്നതും. ഇതാണ് പി.ജയരാജനില്‍ കടുത്ത വിയോജിപ്പ് ഉണ്ടാകാനുള്ള കാരണം.
ലീഗ്-ബിജെപി കോട്ടകളില്‍ വിള്ളലുണ്ടാക്കി ഇരുവിഭാഗം അണികളെയും പാര്‍ട്ടിയിലെത്തിച്ചതും സിപിഎമ്മിന്റെ കണ്ണൂര്‍ വളര്‍ച്ച ത്വരിതഗതിയില്‍ മുന്നോട്ട് നീക്കുന്നതും പി.ജയരാജനാണ്. ബിജെപിയുടെ കരുത്തായി നിലകൊണ്ടിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് ഒ.കെ.വാസു മാസ്റ്ററേയും അശോകനേയും സിപിഎമ്മില്‍ എത്തിച്ചതും വാസുമാസ്റ്ററെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കി മാറ്റിയതിനു പിന്നിലും പി.ജയരാജനാണ്. വാസു മാസ്റ്റര്‍ക്കൊപ്പം ബിജെപിയിലെ വന്‍ നിര തന്നെ സിപിഎമ്മിനൊപ്പം ചേരുകയും ചെയ്തിരുന്നു.
ഇങ്ങിനെ ജനകീയ നീക്കങ്ങള്‍ നടത്തി സിപിഎമ്മിന്റെ വളര്‍ച്ച ശക്തിപ്പെടുത്താന്‍ ജയരാജന് ശ്രമിക്കവേയാണ് ജയരാജന് മേല്‍ പാര്‍ട്ടിയുടെ പിടിമുറുകുന്നത്. ഇ.പി.ജയരാജന് സംശയിക്കുന്നതുപോലെ പി.ജയരാജനും സംശയിച്ചു തുടങ്ങുകയാണ്. തങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന്! പി.ജയരാജന് കൂടി പാര്‍ട്ടി നടപടിക്ക് വിധേയനായതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ജയരാജന്മാരുടെ പ്രഭാവത്തിനു തന്നെ മങ്ങലേല്‍ക്കുകയാണ്. ജയരാജന്മാരുടെ പാര്‍ട്ടിയിലെ ആധിപത്യത്തിന് അന്ത്യമാവുകയാണോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.