കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ തനിക്ക് നേരെ വിമര്‍ശമുണ്ടായെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് തന്നെ വിമര്‍ശിക്കാം, അതില്‍ ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുമെന്ന് ജയരാജന് പറഞ്ഞു.
പാര്‍ട്ടിയില്‍ എന്തെല്ലാം പറഞ്ഞു എന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. ഇറങ്ങിപ്പോയി എന്ന വാര്‍ത്ത തെറ്റാണ്. പാര്‍ട്ടി പൊതുവില്‍ തീരുമാനിച്ചതാണ് കണ്ണൂരിലും നടപ്പാക്കുന്നത്. വിവാദ ആല്‍ബം തന്നോട് ആലോചിച്ചല്ല തയാറാക്കിയതെന്നും ജയരാജന് വ്യക്തമാക്കി.
പി. ജയരാജന് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുകയാണെന്നും ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ലെന്നുമായിരുന്നു സംസ്ഥാന സമിതിയിലെ വിമര്‍ശനം.
മറ്റുള്ള പാര്‍ട്ടികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് സിപിഎം. അവിടെ സാധാരണ പ്രവര്ത്തകന് മുതല്‍ ഉയര്‍ന്ന ഘടകങ്ങളിലെ സഖാക്കളടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയരാണ്. സിപിഎം പ്രവര്‍ത്തകനായ എന്നെ സംബന്ധിച്ചിടത്തോളം എന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. ആ വിമര്ശത്തില് ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതും. ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലോട്ടുള്ള ഏത് പാര്‍ട്ടി ഘടകത്തിലും വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാവാറുള്ളതാണ്. ഏത് പാര്‍ട്ടി പ്രവര്‍ത്തകനും സ്വയം വിമര്‍ശനം നടത്തുകയും വേണം. വിമര്‍ശനമില്ലെങ്കില്‍ പാര്‍ട്ടിയില്ല. അത് ഈ പാര്‍ട്ടിയുടെ സവിശേഷതയാണ്. ഏത് വിഷയവും പാര്‍ട്ടിക്കുളില്‍ ചര്‍ച്ച ചെയ്യും. ഒരു മെമ്പര്‍ക്ക്
ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ തോന്നിയാല്‍ അത് ഉന്നയിക്കും. അതില്‍ ചര്‍ച്ച നടക്കും. ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് സിപിഎമ്മിനെ ജീവസുറ്റതാക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ എന്തെല്ലാം ചര്‍ച്ച ചെയ്തുവെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഘടകം ഇന്ത്യയിലെ മൊത്തം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാണ്. അതിന് വിശേഷിച്ച് അധികാരങ്ങളൊന്നുമില്ല. സിപിഎമ്മിന്റെ നയങ്ങളും നിലപാടുകളുമാണ് കണ്ണൂര്‍ ഘടകവും പിന്തുടരുന്നത്. അതില്‍ നിന്ന് വേറിട്ടൊരു നയമോ പരിപാടിയോ കണ്ണൂര്‍ ഘടകത്തിനില്ല-ജയരാജന് വ്യക്തമാക്കി.
സംഗീത ആല്‍ബം ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ല. അതുമായി ബന്ധപ്പെട്ട് ആരും തന്നോട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ജയരാജന് പറഞ്ഞു.