യു.ഡി.എഫ്‌ നേതാക്കളുടെ യഥാര്‍ത്ഥ മുഖം പുറത്തായി: വൈക്കം വിശ്വന്‍

0
37

തിരുവനന്തപുരം : സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും പുറത്തുവന്നതോടു കൂടി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌ നേതാക്കളുടെ യഥാര്‍ത്ഥ മുഖം പുറത്തായിരിക്കുകയാണെന്ന് വൈക്കം വിശ്വന്‍. എല്‍.ഡി.എഫ്‌ നടത്തിയ അതിശക്തമായ സമരത്തിന്റെ ഫലമായിട്ടാണ്‌ ജുഡീഷ്യല്‍ അന്വഷണ കമ്മീഷനെ നിയോഗിക്കാന്‍ അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാര്‍ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്ന്‌ കൈക്കൊണ്ട തീരുമാനങ്ങളെക്കുറിച്ച് പറയുകയായിരുന്നു എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍.

എല്‍.ഡി.എഫ്‌ നടത്തിയ സമരങ്ങളെ ശരിവെയ്‌ക്കുന്നതാണ്‌ കമ്മീഷന്റെ കണ്ടെത്തലുകള്‍. അഡ്‌ജസ്റ്റ്‌മെന്റ്‌ സമരമാണ്‌ എല്‍.ഡി.എഫ്‌ നടത്തുന്നതെന്ന്‌ ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച നടപടിയാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് വൈക്കം വിശ്വന്‍ വ്യക്തമാക്കി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ജനങ്ങളോട്‌ വിശദീകരിക്കുന്നതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട യു.ഡി.എഫ്‌ നേതാക്കള്‍ അവരുടെ സ്ഥാനങ്ങള്‍ രാജിവെയ്‌ക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും വര്‍ഗ്ഗീയതയ്‌ക്കെതിരേയും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി കോടിയേരി ബാലകൃഷ്‌ണന്റേയും കാനം രാജേന്ദ്രന്റേയും നേതൃത്വത്തില്‍ നടത്തിയ `ജനജാഗ്രതാ യാത്ര’ വന്‍ വിജയമായിരുന്നുവെന്നും. ലൈഫ്‌ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ മേഖലയില്‍ മണല്‍, കരിങ്കല്‍ ലഭ്യതക്കുറവുമൂലം വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്‌. ഗവണ്‍മെന്റ്‌ ഇടപെട്ട്‌ ഈ പ്രശ്‌നം പരിഹരിക്കണമെന്നും .ഗതാഗത വകുപ്പ്‌ മന്ത്രിയെക്കുറിച്ച്‌ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എ.ജി.യുടെ നിയമോപദേശം പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട്‌ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.