ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും : മുഖ്യമന്ത്രി

0
39

തിരുവനന്തപുരം : ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താൻ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമല തീർഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. തീർഥാടനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാൻ ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മലകയറുന്ന പാതയും സ്വാമി അയ്യപ്പൻ റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാൻ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം ദർശനസമയവും വർധിപ്പിച്ചിട്ടുണ്ട്. പോലീസ്, മറ്റു സേനകൾ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷയ്ക്കുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി. കാർഡിയാക് ചികിത്‌സകൾക്ക് വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും ഏജൻസികളുടെയും ഏകോപനത്തിനും നടപടിയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജല മലിനീകരണം ഒഴിവാക്കാൻ സ്വീവേജ് ട്രീറ്റ്‌മെൻറ് പ്ലാൻറ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തിട്ടുണ്ട്. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പ്രശ്‌നങ്ങളില്ലാത്ത തീർഥാടനകാലം ഉറപ്പാക്കാൻ വിവിധ നടപടികളെടുക്കുന്നുണ്ട്.

300 കോടിയിലധികം രൂപയിൽ വിവിധ പദ്ധതികൾ വിവിധഘട്ടങ്ങളിലായി നടപ്പായിവരികയാണ്. ദേശീയ തീർഥാടന കേന്ദ്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നടപടികളിൽ മിക്കതും പൂർത്തിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി കഴിഞ്ഞവർഷം വിജയകരമായി നടപ്പാക്കിയത് തുടരാൻ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടേയും സഹകരണം വേണം. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്നതും തീർഥാടകരെ കൃത്യമായി അറിയിക്കാനാകണം. ഇത്തരം നടപടി യാതൊരു ആചാരത്തിന്റെയും ഭാഗമല്ല, എന്നുമാത്രമല്ല ഹൈക്കോടതി നിരോധിച്ചിട്ടുമുണ്ട് അദ്ദേഹം പറഞ്ഞു.

അപകടങ്ങൾ കുറയ്ക്കാനുള്ള സേഫ് സോൺ ശബരിമല പദ്ധതിയും നടപ്പാക്കിവരികയാണ്. സൈൻ ബോർഡുകളും നിർദേശങ്ങളും ഡ്രൈവർമാർക്കായി റോഡുകളിൽ ഒരുക്കിയിട്ടുണ്ട്. ട്രക്കുകളിലും ലോറികളിലും തീർഥാടകരെ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. സുരക്ഷാ നടപടികളും കർശനമാക്കി. സി.സി.ടി.വി ക്യാമറകൾ വിവിധയിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

പൊതുവായ ഇത്തരം നിർദേശങ്ങളോട് സഹകരിക്കാൻ എല്ലാ സംസ്ഥാന തീർഥാടകരോടും അഭ്യർഥിക്കുകയാണ്. കൃത്യമായ തിരിച്ചറിയൽ കാർഡ് സുരക്ഷാകാരണങ്ങളാൽ കരുതണമെന്ന് അറിയിക്കണമെന്നും മറ്റു സംസ്ഥാന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പറഞ്ഞു. ക്യൂ കോംപ്ലക്‌സ് സജ്ജമാക്കാനും കാർഡിയോളജി സെൻററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം പമ്പയിലും മല കയറുമ്പോഴും സന്നിധാനത്തും എല്ലാസമയത്തും ഉറപ്പാക്കിയിട്ടുണ്ട്.

വനമേഖലയായതിനാലുള്ള പരിമിതികളിൽ നിന്നുകൊണ്ട് പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ള പരമാവധി സജ്ജീകരണങ്ങളോട് സഹകരിക്കാനുള്ള നിർദേശം തീർഥാടകർക്ക് നൽകണം. തീർഥാടകർക്ക് ബോധവത്കരണത്തിനായി തയാറാക്കിയ വിവിധ ഭാഷകളിലെ വീഡിയോകൾ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.