സെക്‌സി ദുര്‍ഗയും ന്യൂഡും ചെയ്ത തെറ്റെന്ത്?

0
128

കെ.ശ്രീജിത്ത്

സമൂഹത്തെ നവീകരിക്കുന്ന ഒന്നിനെയും ഫാസിസം വെറുതെവിടാറില്ല. കാരണം ചോദ്യം ചെയ്യാനുള്ള സമൂഹത്തിന്റെ ശക്തിയെ, അത് കലയിലൂടെയായാലും ശരി, രാഷ്ട്രീയത്തിലൂടെയായാലും ശരി അവര്‍ ഭയക്കുന്നു. ഇന്ത്യയിലെ മോദി സര്‍ക്കാര്‍ സമീപഭാവിയില്‍ ഏറ്റവും കൂടുതല്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുള്ള സര്‍ഗാത്മക മേഖലകളിലൊന്നാണ് സിനിമ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സനല്‍കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗ’, രവി ജാദവിന്റെ ‘ന്യൂഡ്’ എന്നീ ചിത്രങ്ങളെ ഗോവയില്‍ നടക്കാനിരിക്കുന്ന 48-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയത്.

രണ്ട് ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനായി ജൂറി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ആ ജൂറി പോലും അറിയാതെ ഭരണകൂടം രണ്ട് ചിത്രങ്ങളെയും ഒഴിവാക്കി. സ്മൃതി ഇറാനി മന്ത്രിയായിരിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടാണ് ചിത്രങ്ങളെ ഒഴിവാക്കിയത്. ഇക്കാര്യത്തില്‍ ജൂറി അംഗമായിരുന്ന അപൂര്‍വ അസ്രാണി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. ‘സെക്‌സി ദുര്‍ഗയും ന്യൂഡും സമകാലിക സിനിമകളില്‍ ഏറ്റവും മികച്ചവയാണ്. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ കൃത്യമായും രേഖപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇവ രണ്ടും’ എന്നാണ് അസ്രാണി ട്വീറ്റ് ചെയ്തത്.

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം സിനിമയുമായി ബന്ധപ്പെട്ട ഈ വെട്ടിനിരത്തല്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ മികച്ച ചലച്ചിത്ര പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് മുതല്‍ തുടങ്ങുന്നു അത്. മഹാഭാരതം ടെലി സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചു എന്നതാണ് രാജ്യത്തെ ഏറ്റവും മികച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിയമിക്കാന്‍ മോദി ഭരണകൂടം ചൗഹാനില്‍ കണ്ട ‘മേന്മ’. അതാണ് ചൗഹാനില്‍ ഹിന്ദുത്വ ശക്തികള്‍ പ്രീതിപ്പെടാനും കാരണം. ‘ഭരണകൂടം ആ സ്ഥാപനത്തെ നശിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു’ എന്നായിരുന്നു അന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.


പിന്നെ സെന്‍സര്‍ ബോര്‍ഡിനെ ആയുധമാക്കിയായി മോദി സര്‍ക്കാരിന്റെ കളികള്‍. ഭരണകൂടത്തിന് താല്പര്യമില്ലാത്ത ചിത്രങ്ങളെ വെട്ടിനശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഒത്താശ ചെയ്തു. ഒടുവില്‍ കശ്മീരിനെക്കുറിച്ചും ജെഎന്‍യുവിനെക്കുറിച്ചുമൊക്കെയുള്ള ഡോക്യുമെന്ററികള്‍ക്ക് തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെയെല്ലാം ഒതുക്കുമെന്ന് ഫാസിസം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരുന്നു. സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന്റെ പേര് എസ്.ദുര്‍ഗ എന്നാക്കി മാറ്റുന്നതില്‍ വരെ എത്തിനില്‍ക്കുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഭരണകൂട പ്രീണനം. ഒക്ടോബറില്‍ നടന്ന മുംബൈ ഫെസ്റ്റിവലില്‍ ‘സെക്‌സി ദുര്‍ഗ’ എന്ന പേരില്‍ ചിത്രം കാണിക്കാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ചിത്രത്തിന്റെ പേര് എസ്.ദുര്‍ഗ എന്നാക്കി മാറ്റിയിരുന്നു. ഇങ്ങിനെ പേര് മാറ്റിയതിന് ശേഷം മാത്രമാണ് ചിത്രം ഫെസ്റ്റിവലില്‍ കാണിച്ചത്.

എന്താണ് സെക്‌സി ദുര്‍ഗ എന്ന സിനിമ ചെയ്ത തെറ്റ്? ദുര്‍ഗ എന്ന പേരിനൊപ്പം സെക്‌സി എന്ന വാക്ക് ചേര്‍ത്തതോ? ഹിന്ദുമത വിശ്വാസികളുടെ ദേവിയായ ദുര്‍ഗയെ അവഹേളിച്ചു എന്നാണ് ഹിന്ദുത്വശക്തികളുടെ എതിര്‍പ്പിന് കാരണം. അത് മതവികാരം വ്രണപ്പെടുത്തിയത്രെ. തന്റെ സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുംതന്നെയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സിനിമയൊന്ന് കാണുക പോലും ചെയ്യാതെ അതിന് എതിര്‍ക്കുന്നത് ബാലിശമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഏത് വിഷയത്തിലും സംവാദത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്. സിനിമ കണ്ട ശേഷം തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി അത്തരമൊരു സംവാദത്തിനാണ് ഇപ്പോള്‍ സിനിമയെ എതിര്‍ക്കുന്നവര്‍ തയ്യാറായിരുന്നതെങ്കില്‍ അത് അര്‍ത്ഥപൂര്‍ണമായേനെ. അതിന് പകരം ചിത്രത്തെ വെട്ടിനിരത്താനുള്ള ശ്രമം അപലപനീയമാണ്. അതുവഴി എല്ലാ സംവാദമുഖങ്ങളും അടയ്ക്കാനും ഏകസ്വരതയുള്ള സമൂഹത്തെ സൃഷ്ടിക്കാനും ശ്രമിക്കുന്നത് സ്വാതന്ത്ര്യദാഹികളായ ഒരു ജനത അംഗീകരിക്കില്ല. അവര്‍ കടുത്ത പ്രതിരോധം ഉയര്‍ത്തുക തന്നെ ചെയ്യും.

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിഖ്യാതമായ ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഒരു ചിത്രത്തിന് ഈ അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അതുമാത്രമല്ല ഒട്ടേറെ രാജ്യാന്തര മേളകളില്‍ ചിത്രം ഇതിനകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ഈ ചിത്രം നേടുന്ന അസൂയാവഹമായ അംഗീകാരങ്ങള്‍ രാജ്യത്തിനുതന്നെ അഭിമാനകരമാണ്. എന്നാല്‍ ഇന്ത്യയില്‍ ചിത്രത്തെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന വസ്തുത നല്ല സിനിമയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്നു.

ഇതുതന്നെയാണ് രവി ജാദവിന്റെ ‘ന്യൂഡ്’ എന്ന ചിത്രത്തിന്റെയും അവസ്ഥ. മേളയുടെ ഉദ്ഘാടന ചിത്രമായി ജൂറി തിരഞ്ഞെടുത്ത് ഈ ചിത്രത്തെയായിരുന്നു. എന്നാല്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇതിനെ വെട്ടി വിനോദ് കാപ്രിയുടെ ‘പിഹു’ എന്ന ചിത്രത്തെ ഉദ്ഘാടന ചിത്രമാക്കി മാറ്റിയിരിക്കുന്നു. ‘ ഞാന്‍ ഏറെ നിരാശനാണ്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്റെ ചിത്രം കണ്ടിട്ടില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ചിത്രത്തിന്റെ പേര് മാത്രം പരിഗണിച്ചാണ് അവര്‍ ഇങ്ങിനെയൊരു നടപടിയ്ക്ക് തുനിഞ്ഞിരിക്കുന്നത്. ഏറെ സൗന്ദര്യബോധത്തോടെയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്’ എന്നാണ് ചിത്രം ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോള്‍ രവി ജാദവ് പറഞ്ഞത്. സെക്‌സി ദുര്‍ഗയ്ക്ക് സംഭവിച്ചതുതന്നെയാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ രവി ജാദവിന്റെ ചിത്രത്തിനും സംഭവിച്ചിരിക്കുന്നത്. ചിത്രം ഒന്നുകാണാന്‍ പോലും കൂട്ടാക്കാതെയാണ് ഈ ‘വെട്ടിമാറ്റല്‍’.

തിരഞ്ഞെടുക്കപ്പെട്ട ജൂറി നൂറുകണക്കിന് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തിയ ശേഷമാണ് ചലച്ചിത്രോത്സവങ്ങള്‍ക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളാണ് ജൂറി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇവര്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ അധികാര കേന്ദ്രങ്ങള്‍ ഒഴിവാക്കുമ്പോള്‍ പിന്നെ എന്താണ് അവരുടെ പ്രസക്തി എന്ന ചോദ്യമാണ് രവി ജാദവ് ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ ഈ ചോദ്യം ചെന്നുകൊള്ളുന്നത് ഭരണകൂടത്തിലും അതിനെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് ശക്തികളിലുമാണ്.

‘അടുത്ത തവണ ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്റെ ചിത്രം നേരിട്ട് മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയാണോ വേണ്ടത്?’

രവി ജാദവ് ഉന്നയിക്കുന്ന ഇതേ ചോദ്യം തന്നെയാണ് രാജ്യമൊന്നാകെ ഭരണകൂടത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.