തോമസ്‌ ചാണ്ടി പ്രശ്നം ചര്‍ച്ച ചെയ്യും, പക്ഷെ രാജിയില്ല: പീതാംബരന്‍ മാസ്റ്റര്‍

0
49


തിരുവനന്തപുരം: ഇന്നു കൊച്ചിയില്‍ നടക്കുന്ന എന്‍സിപി നേതൃയോഗത്തില്‍ തോമസ്‌ ചാണ്ടി പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോട് പ്രതികരിച്ചു. തോമസ്‌ ചാണ്ടി വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നും എന്നാല്‍ ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി രാജി വയ്ക്കില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജി ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂ. അതേസമയം ഇന്നത്തെ ഹൈക്കോടതി വിധി ഈ വിഷയത്തില്‍ നിര്‍ണ്ണായകമായിരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തോമസ് ചാണ്ടി വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ആ തീരുമാനത്തില്‍ വ്യതിചലനം വന്നെന്നു പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം സൂചിപ്പിക്കുന്നു.

നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ പീതാംബരന്‍ മാസ്റ്റര്‍ക്കാണ് കേരളത്തിന്റെ ചാര്‍ജ് എങ്കിലും കേരളാ വിഷയങ്ങള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. എന്‍സിപിക്ക് ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേ മന്ത്രിയുള്ളൂ എന്നതിനാല്‍ കേരളത്തിലെ മന്ത്രി സ്ഥാനം പാര്‍ട്ടി വളരെ ഗൗരവത്തോടെയാണ്‌
കാണുന്നത്. തോമസ്‌ ചാണ്ടി ഒഴിഞ്ഞാല്‍ പാര്‍ട്ടിക്ക് പകരം മന്ത്രി വേണം. ആ സ്ഥാനത്ത് എ.കെ.ശശീന്ദ്രന്‍ എങ്കിലും വേണം. ശശീന്ദ്രന്‍ കുരുങ്ങിയ ഹണി ട്രാപ് കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ വിധി വരാത്തതിനാല്‍ ഈ കാര്യത്തില്‍ കാത്തിരിപ്പ് ആവശ്യമാണ്. അപ്പോള്‍ അതുവരെ തോമസ്‌ ചാണ്ടി തുടരണം. ഇതാണ്  കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം.

ഭരണത്തിന്റെ ഭാഗമായി തുടരുമ്പോള്‍ മന്ത്രിയില്ലാത്ത അവസ്ഥ സംസ്ഥാനത്ത് വരരുതെന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്നലെ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കുകയും തോമസ്‌ ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തത്. തോമസ്‌ ചാണ്ടി വിഷയത്തില്‍ സിപിഎം ഇതുവരെ നിലപാട് കടുപ്പിച്ചിട്ടില്ല. സിപിഐ മാത്രമാണ് രാജി ആവശ്യപ്പെടുന്നത്.

എന്നാല്‍ തോമസ്‌ ചാണ്ടിയുടെ രാജി വൈകിക്കരുത് എന്ന് സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്.  തീരുമാനം എന്‍സിപി ആലോചിച്ചു കൈക്കൊള്ളണമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകിക്കരുതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. അപ്പോഴും എന്‍സിപി നേതൃത്വം ചൂണ്ടിക്കാട്ടിയത് ഇന്നു ഹൈക്കോടതിയില്‍ വരുന്ന കേസ് ആണ്. തോമസ്‌ ചാണ്ടിയുടെ അധീനതയിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനി നടത്തിയ ഭൂമി കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന തോമസ്‌ ചാണ്ടിയുടെ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യഹര്‍ജികളും തോമസ് ചാണ്ടിയുടെ ഹര്‍ജിക്കൊപ്പം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായി നിന്ന് കാബിനെറ്റ്‌ തീരുമാനത്തിന്നെതിരെ ഹൈക്കോടതിയെ സമീപിക്കുക എന്ന വിചിത്രമായ നടപടിയാണ് തോമസ്‌ ചാണ്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. തോമസ്‌ ചാണ്ടി രാജിവെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കണമെന്നു ഭരണപരിഷ്ക്കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ ഇന്നലെ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തോമസ്‌ ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.