കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന്‍ ഹൈക്കോടതി; സര്‍ക്കാരിന് തുടരാനാകുമോയെന്നു നിയമവിദഗ്ധര്‍

0
75

തിരുവനന്തപുരം: കളക്ടര്‍ക്കെതിരെ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹര്‍ജി നല്‍കിയതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിനു വിനയാകുന്നു. ഇടത് സര്‍ക്കാരിന്റെ അടിത്തറയിളക്കുന്ന കടുത്ത പരാമര്‍ശമാണ് തോമസ്‌ ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയത്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നു ഹൈക്കോടതി തന്നെ പറഞ്ഞ സ്ഥിതിക്ക് എങ്ങിനെ ഒരു ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിനു തുടരാന്‍ കഴിയുമെന്ന് നിയമവിദഗ്ദര്‍ ചോദിക്കുന്നു.

അതി ഗുരുതരമായ പരാമര്‍ശമാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്നു ഹൈക്കോടതി പറയുമ്പോള്‍ ആ സര്‍ക്കാരിന് എങ്ങിനെ തുടരാന്‍ കഴിയും. ഈ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ സര്‍ക്കാരിന് സുപ്രീംകോടതിയിലേക്ക് നീങ്ങേണ്ടിവരും. അതിസങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ ആണ് ഇന്നത്തെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നത്.

കാബിനെറ്റ്‌ തീരുമാനത്തിന്നെതിരെ ആ കാബിനെറ്റില്‍ അംഗമായ മന്ത്രി തന്നെ ഹൈക്കോടതിയെ സമീപിക്കുന്നു. അപ്പോള്‍ സര്‍ക്കാരിനു കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നു. ഹൈക്കോടതി പറഞ്ഞു. മന്ത്രിസഭയുടെ നിലനില്‍പ്പിന്റെ പ്രശ്നം ഈ നിരീക്ഷണത്തില്‍ പ്രകടമാണെന്നാണ് നിയമവിദഗ്ദര്‍ നല്‍കുന്ന സൂചന. ഈ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ സര്‍ക്കാരിനു സുപ്രീം കോടതിയിലേക്ക് നീങ്ങേണ്ടി വന്നേക്കും.

പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യുക സര്‍ക്കാരിനു മുന്നില്‍ പരമ പ്രധാനമായി മാറുന്നു. നിയമ ലംഘനം നടത്തിയ ഒരു മന്ത്രി എങ്ങിനെയെങ്കിലും തത്സ്ഥാനത്ത് തുടരാന്‍ നോക്കിയത് ഒരു സര്‍ക്കാരിന് മൊത്തത്തില്‍ പ്രതിബന്ധമാക്കിയിരുന്നു. മന്ത്രിക്ക് തത്സ്ഥാനത്ത് തുടരാന്‍ ഹൈക്കോടതിയെ ആയുധമാക്കി എന്ന് ഹൈക്കോടതി കണ്ടെത്തിയത് സര്‍ക്കാരിന് ഉണ്ടാക്കിയ മാനക്കേട് ചെറുതുമല്ല.