ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

0
49


തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആനന്ദിനു നേര്‍ക്കുള്ള ആക്രമണം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം. ഫാസിലിന്റെ സഹോദരനാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഫായിസ്.

ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍, ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ചൊവ്വാഴ്ച വരെ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.