തിരുവനന്തപുരം: കായല്‍ കയ്യേറ്റ-നിലം നികത്തല്‍ പ്രശ്നത്തില്‍ നിയമലംഘനം നടത്തിയതായി തെളിഞ്ഞിട്ടും എന്‍സിപിയുടെ ഏക മന്ത്രിയായ തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരാന്‍ കാരണം മഹാരാഷ്ട്രാ നിയമസഭയില്‍ സിപിഎമ്മിന് രണ്ടു ഷുവര്‍ സീറ്റെന്ന എന്‍സിപി വാഗ്ദാനമാണെന്ന് സൂചന.
ശരദ് പവാറും പ്രഫുല്‍ പട്ടേലും അടങ്ങുന്ന എന്‍സിപിയുടെ ദേശീയ നേതൃത്വം നേരിട്ടാണ് സിപിഎമ്മിന് ഇങ്ങിനെ ഒരു വാഗ്ദാനം നല്‍കിയത്. ഈ വാഗ്ദാനമാണ് ഇത്രയേറെ വിമര്‍ശനം വന്നിട്ടും, മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി ഹൈക്കോടതി തന്നെ നിരീക്ഷണം നടത്തുന്ന സാഹചര്യം വന്നിട്ടും തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരാന്‍ ഇടയാക്കുന്നത്.
പതിവില്‍ നിന്നും വിപരീതമായി തോമസ് ചാണ്ടി പ്രശ്നം എന്‍സിപിയുടെ ദേശീയ നേതൃത്വം നേരിട്ടാണ് കൈകാര്യം ചെയ്തത്. ആരും കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ എന്‍സിപി സംസ്ഥാന നേതൃത്വം അനുവദിച്ചതുമില്ല. എന്‍സിപിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയ അഡ്വ മുജീബ് റഹ്മാനെ എന്‍സിപി പുറത്താക്കി. തോമസ് ചാണ്ടിയെ വിമര്‍ശിച്ച് ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായപ്രകടനം നടത്തിയതിനാണ് പുറത്താക്കിയത്. ഇതോടെയാണ് മറ്റ് സംസ്ഥാന നേതാക്കള്‍ അച്ചടക്കമെന്ന വാളിനെ ഭയപ്പെട്ട് തുടങ്ങിയത്.
ധാര്‍മ്മികത അടിസ്ഥാനമാക്കി മുന്നോട്ട് പോവുന്ന സിപിഎമ്മിന് തോമസ് ചാണ്ടി വിഷയത്തില്‍ പിഴയ്ക്കുന്നത് എന്തുകൊണ്ട് എന്ന് ചോദ്യം ഉയരുകയും ചെയ്തിരുന്നു. മഹാരാഷ്ട്രാ നിയമസഭയില്‍ സിപിഎം സാന്നിധ്യം എന്ന മോഹന വാഗ്ദാനത്തിലാണ് മന്ത്രി തോമസ് ചാണ്ടിയുടെ മന്ത്രിയെന്ന നിലയിലുള്ള പ്രയാണം ഇതുവരെ തുടര്‍ന്നത്. ആ പ്രയാണത്തിന്നാണ് ഇന്നു ഹൈക്കോടതി പൂര്‍ണ്ണ വിരാമമിട്ടത്.
ഹൈക്കോടതിയെ ആയുധമാക്കി ഒരു രാഷ്ട്രീയക്കളിക്ക് തോമസ് ചാണ്ടി മുതിര്‍ന്നതാണ് മന്ത്രിയെന്ന രീതിയിലുള്ള തോമസ് ചാണ്ടിയുടെ പ്രയാണം അവസാനിപ്പിക്കുന്നത്. ഈ രാഷ്ട്രീയക്കളി തിരിച്ചറിഞ്ഞ ഹൈക്കോടതി ഉതിര്‍ത്ത വിമര്‍ശന ശരങ്ങള്‍ പക്ഷെ വന്നു കൊള്ളുന്നത് ഇടത് മന്ത്രിസഭയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ നെഞ്ചത്താണ്. ഇപ്പോള്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതി നിരീക്ഷണം സ്റ്റേ ചെയ്യാന്‍ സര്‍ക്കാരിനു സുപ്രീംകോടതിയിലേക്ക് നീങ്ങേണ്ടി വരുമോ എന്നും ചോദ്യം ഉയരുന്നു. തോമസ് ചാണ്ടിയെ അതിരുവിട്ട് പിന്തുണച്ചതോടെ അതി സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കുരുങ്ങുകയും ചെയ്തിരിക്കുന്നു.