മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെട്ടെന്ന് സൂചന
നാളെത്തെ മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തേക്കില്ല
ഇടതുമുന്നണി നേതാക്കള്‍ നാളെ തലസ്ഥാനത്ത്
എം.മനോജ്കുമാര്‍
തിരുവനന്തപുരം: കായല്‍ കയ്യേറ്റ-നിലംനികത്തല്‍ ആരോപണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി നാളെ രാജിവെച്ചേക്കും. രാജി നാളെ ഉറപ്പാണെന്നാണ് അറിയുന്നത്. തനിക്കെതിരായ ആലപ്പുഴ കളകടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ നിന്നേറ്റ കടുത്ത വിമര്‍ശനങ്ങളാണ് രാജിക്ക് ആധാരമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ തോമസ് ചാണ്ടിയോട് നേരിട്ട് രാജിക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്. എല്ലാ ഘടകകക്ഷി നേതാക്കളോടും നാളെ അടിയന്തിരമായി തലസ്ഥാനത്ത് എത്താന്‍ ഇടതു മുന്നണി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടതു മുന്നണി നേതാക്കള്‍ നാളെ രാവിലെ തലസ്ഥാനത്ത് എത്തും. നാളെ നടക്കുന്ന കാബിനെറ്റ് യോഗത്തില്‍ മന്ത്രിയെന്ന നിലയില്‍ തോമസ് ചാണ്ടി പങ്കെടുത്തേക്കില്ല എന്നും സൂചനയുണ്ട്. വല്ലാതെ വൈകിയാണ് ഇപ്പോള്‍ തോമസ് ചാണ്ടിയുടെ രാജി തീരുമാനത്തില്‍ ധാരണയായത്. സാധാരണ ഇടതുമുന്നണിയില്‍ സംഭവിക്കാത്ത രീതിയിലാണ് വിവാദത്തിന്റെ നിഴലില്‍ തോമസ് ചാണ്ടി മന്ത്രിയായി തുടര്‍ന്നത്.
ഇടതുമുന്നണിക്ക് എന്തുപറ്റി എന്ന് നാലുപാടും നിന്ന് ചോദ്യം ഉയരുകയും ചെയ്തിരുന്നു. മഹാരാഷ്ട്രാ നിയമസഭയില്‍ രണ്ടു ഷുവര്‍ സീറ്റാണ് എന്‍സിപി കേന്ദ്ര നേതൃത്വം സിപിഎമ്മിന് വാഗദാനം ചെയ്തത്. ഈ വാഗ്ദാനമാണ് കായല്‍ കയ്യേറ്റ-നിലം നികത്തല്‍ ആരോപണം വന്നിട്ടും, മന്ത്രി തോമസ് ചാണ്ടി കുറ്റം ചെയ്തെന്ന കളക്ടറുടെ റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരാന്‍ കാരണം. ഹൈക്കോടതി പരാമര്‍ശം വന്നാല്‍ രാജി വയ്ക്കേണ്ടി വരുമെന്ന് സിപിഎം നേതാക്കള്‍ എന്‍സിപിയുടെ കേന്ദ്ര നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രാ നിയമസഭയില്‍ സിപിഎം സാന്നിധ്യം എന്ന വന്‍കിട ഓഫറിലാണ് ഇതുവരെ മന്ത്രി തോമസ് ചാണ്ടിയുടെ മന്ത്രിയെന്ന നിലയിലുള്ള പ്രയാണം തുടര്‍ന്നത്. ആ പ്രയാണത്തിന്നാണ് ഇന്നു ഹൈക്കോടതി പൂര്‍ണ്ണ വിരാമമിട്ടത്. ഹൈക്കോടതിയെ ആയുധമാക്കി ഒരു രാഷ്ട്രീയക്കളിക്ക് തോമസ് ചാണ്ടി മുതിര്‍ന്നതാണ് മന്ത്രിയെന്ന രീതിയിലുള്ള തോമസ് ചാണ്ടിയുടെ പ്രയാണം അവസാനിപ്പിക്കുന്നത്. ഈ രാഷ്ട്രീയക്കളി തിരിച്ചറിഞ്ഞ ഹൈക്കോടതി ഉതിര്‍ത്ത വിമര്‍ശന ശരങ്ങള്‍ പക്ഷെ വന്നു കൊള്ളുന്നത് ഇടത് മന്ത്രിസഭയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ നെഞ്ചത്താണ്.
തോമസ് ചാണ്ടിയെ പിന്തുണച്ചതിന് വലിയ വില സിപിഎം കൊടുക്കേണ്ടി വരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. അത്ര ശക്തമായ വിമര്‍ശനമാണ് മന്ത്രിസഭയ്ക്കെതിരെ ഹൈക്കോടതിഉതിര്ത്തത്. മന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ തീരുമാനത്തിന്നെതിരെ, താന്‍ കൂടി അംഗമായ കാബിനെറ്റ് തീരുമാനത്തിന്നെതിരെ കോടതിയില്‍ പോയ മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമാക്കി എന്നാണു ഹൈക്കോടതി പറഞ്ഞത്. ഇതുവരെ ഒരു മന്ത്രിസഭയ്ക്ക് നേരെയും ഒരു ഹൈക്കോടതിയും ഉതിര്‍ക്കാത്ത വിമര്‍ശനമാണ് കേരള ഹൈക്കോടതി ഉതിര്‍ത്തത്.
മന്ത്രിസഭാ തീരുമാനത്തിന്നെതിരെ ഒരു മന്ത്രി എങ്ങിനെ ഹൈക്കോടതിയെ സമീപിക്കും എന്ന് തോമസ് ചാണ്ടിയോട് ഹൈക്കോടതി ചോദിച്ചു. മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയല്ലേ കോടതിയില്‍ എത്തേണ്ടത് എന്ന് ഹൈക്കോടതി ചോദിച്ചു. നിയമ നടപടി വേണമെങ്കില്‍ മന്ത്രി പദവി ഉപേക്ഷിച്ച് ഒരു പൌരന് എന്ന നിലയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പറഞ്ഞു. മന്ത്രിക്ക് പരാതിയുണ്ടെങ്കില്‍ അത് കലക്ടറുടെ അടുത്തു പറയാന്‍ പറഞ്ഞു.
ദന്തഗോപുരത്തില്‍ നിന്നിറങ്ങി വന്നു സാധാരണക്കാരനായി നീതി തേടാന്‍ മന്ത്രിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഹര്‍ജി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. ഈ ഹര്‍ജിയെ എന്തുകൊണ്ട് സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലാ എന്ന് സ്റ്റേറ്റ് അറ്റോര്‍ണിയോട് ചോദിച്ചു. സ്റ്റേറ്റ് അറ്റോര്‍ണിയെക്കൊണ്ട് ഹര്‍ജിക്കെതിരെ കോടതി നിലപാട് എടുപ്പിച്ചു.
ഹൈക്കോടതി ഉതിര്‍ത്ത കൂര്‍ത്തു മൂര്‍ത്ത എല്ലാ വിമര്‍ശനങ്ങളും തോമസ് ചാണ്ടിക്ക് എതിരായല്ല കേരളത്തിലെ ഇടത് മന്ത്രിസഭയ്ക്ക് എതിരായാണ് വന്നത്. ഇപ്പോള്‍ വളരെ വൈകി തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിരിക്കുന്നു. ഈ വൈകലിനു സരക്കാര്‍ വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. അത്രമാത്രം ശക്തമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയില്‍ നിന്നും വന്നത്. ഈ വിമര്‍ശനങ്ങള്‍ ഭദ്രമെന്ന് കരുതിയിരുന്ന ഇടത് സര്‍ക്കാരിന്റെ അടിത്തറയ്ക്ക് തന്നെ ഇളക്കം തട്ടിച്ചിരിക്കുന്നു.