കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃയോഗത്തിലുണ്ടായ പൊതുതീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് പറഞ്ഞ അദ്ദേഹം പൊതുതീരുമാനം എന്താണെന്ന് പറയാന്‍ തയ്യാറായില്ല. എന്‍സിപി എക്സിക്യൂട്ടിവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി.പി.പീതാംബരന് മാസ്റ്റര്‍.
കോടതി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തോമസ് ചാണ്ടിക്കെതിരെ നടത്തിയിട്ടില്ല. പാര്‍ട്ടി മന്ത്രിയോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്നും പീതാംബരന് മാസ്റ്റര്‍ അറിയിച്ചു. ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന് വന്ന പൊതുവികാരം ദേശീയ നേതൃത്വത്തെ അറിയിക്കും. തുടര്‍ന്ന് മാത്രമേ തീരുമാനമുണ്ടാകൂ. യോഗത്തില്‍ ഉചിതമായ തീരുമാനമുണ്ടായെന്നും അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അവകാശമില്ലെന്നും ടി.പി പീതാംബരന് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി രാജിവെക്കുന്നതാണ് ഉചിതമെന്നും അഭിപ്രായപ്പെട്ടു.