തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

0
35


കൊച്ചി: ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസ് പി.എന്‍.രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ അഭിപ്രായ ഭിന്നതയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് പോകാനാകില്ല. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.

മന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഒന്നും പറഞ്ഞിട്ടില്ല. കോടതിയും ഒന്നും പറയുന്നില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഇത്തരമൊരു ഹര്‍ജിയുമായിട്ടായിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. മന്ത്രിക്ക് കളക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നു എന്നും കോടതി വ്യക്തമാക്കി.