ദേവസ്വം ബോര്‍ഡ് കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

0
31


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി.സദാശിവം ഒപ്പിട്ടു. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

നേരത്തെ ഓര്‍ഡിനന്‍സിനുള്ള അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയമ സെക്രട്ടറി വഴി മറുപടി നല്‍കിയിരുന്നു. നിലവിലുള്ള അംഗങ്ങളുടെ കെടുകാര്യസ്ഥത, ഫണ്ട് വിനിയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാണ് കാലാവധി ചുരുക്കിയതിനുള്ള കാരണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനത്തെ മാറ്റം ബാധിക്കുമോ എന്ന ഗവര്‍ണറുടെ ചോദ്യത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സര്‍ക്കാര്‍ മറുപടി നല്‍കി.

1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചത്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവിലെ ഭരണസമിതി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതോടെയായിരുന്നു മന്ത്രിസഭാ തീരുമാനം. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് സ്ഥാനമൊഴിയേണ്ടിവരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ ഭരണസമിതി നിലവില്‍ വന്നത്.