എം.മനോജ് കുമാര്‍
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നും ഇന്നു വന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ മന്ത്രിയെന്ന നിലയിലുള്ള തോമസ് ചാണ്ടിയുടെ ഭാവി ചോദ്യചിഹ്നമാക്കുന്നു. ഹൈക്കോടതി പരാമര്‍ശങ്ങള്‍ വന്നതോടെ മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങേണ്ടുന്ന അവസ്ഥയായി മുഖ്യമന്ത്രി പിണറായി വിജയന്.
ഒരു നിരീക്ഷണം ഇന്നത്തെ ഹൈക്കോടതി വിമര്‍ശനങ്ങളില്‍ മുഴച്ചു നില്ക്കുന്നു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത മന്ത്രിക്ക് ഇനി എങ്ങനെ ആ സ്ഥാനത്ത് തുടരാനാകും? കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് ഗുരുതരമായ തെറ്റാണ്. ഇതിലൂടെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുകയാണ്. മന്ത്രിയെ അയോഗ്യനാക്കാവുന്നതിന്റെ മകുടോദാഹരണമാണ് ഈ സംഭവം. മന്ത്രിയെ അയോഗ്യനാക്കാവുന്ന ഉചിതമായ സമയമാണിത്-കോടതി നിരീക്ഷിച്ചു. ഒരു മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കാന്‍ പര്യാപ്തമാണ് ഈ വിമര്‍ശനങ്ങള്‍. ആലംബമായി ഹൈക്കോടതി വിധി കാത്തുനിന്ന മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി പരാമര്‍ശങ്ങളില്‍ തന്നെ കുടുങ്ങി ഒടുവില്‍ രാജി നല്‍കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
മന്ത്രിയുടെ രാജിയില്ലാ എന്ന് പറഞ്ഞ എന്‍സിപിക്കും ഇന്നത്തെ ഹൈക്കോടതിയുടെ അതിരൂക്ഷ പരാമര്‍ശങ്ങള്‍ വന്നതോടെ ഇനി പിടിച്ചു നില്ക്കാന് കഴിയില്ലെന്നായിരിക്കുന്നു. കായല്‍ കയ്യേറ്റ-വയല്‍ നികത്തല്‍ പ്രശ്നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിയെ നിര്‍ദയമാണ് ഹൈക്കോടതി നേരിട്ടത്.
സ്വന്തം കാബിനെറ്റ് തീരുമാനങ്ങള്‍ ചോദ്യം ചെയ്ത മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഹര്‍ജി എന്നാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഹര്‍ജി സമര്‍പ്പിച്ചതിലൂടെ മന്ത്രി സര്‍ക്കാരിനെ ആക്രമിക്കുകയാണ്. ഇതിന് കോടതിയെ ഉപയോഗിച്ചത് നിര്‍ഭാഗ്യകരമാണ്-ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
ഹൈക്കോടതിക്ക് മുന്നില്‍ ഭരണകൂടം എന്ന് പറഞ്ഞാല്‍ ചീഫ് സെക്രട്ടറിയാണ്. ഭരണതലത്തിലെ കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയാണ് ഹൈക്കോടതിയെ സമീപിക്കേണ്ടത്. ഇവിടെ ചീഫ് സെക്രട്ടറിക്ക് പകരം മന്ത്രി തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. മന്ത്രിക്ക് എങ്ങിനെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും. ചീഫ് സെക്രട്ടറിയല്ലേ ഹൈക്കോടതിയെ സമീപിക്കേണ്ടത്. വ്യക്തി എന്ന നിലയില്‍ തോമസ് ചാണ്ടിക്ക് കോടതിയെ സമീപിക്കാം. മന്ത്രി എന്ന നിലയില്‍ കഴിയില്ല. എന്തുകൊണ്ട് ഹൈക്കോടതിയില്‍ വന്ന മന്ത്രിയുടെ ഹര്‍ജിയെ എതിര്‍ക്കുന്നില്ലാ എന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
സ്ഥിതി മനസിലാക്കിയ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ ഹര്‍ജിയെ എതിര്‍ക്കുകയും ചെയ്തു. തോമസ് ചാണ്ടിയുടെ ലേക്ക് റിസോര്‍ട്ട് നിര്‍മാണത്തിന് നിലം നികത്തിയതില്‍ ക്രമക്കേട് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോടതി ഉതിര്‍ത്ത കടുത്ത വിമര്‍ശനങ്ങളും കോടതിയില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ നടത്തിയ പ്രതികരണവും മന്ത്രിയെന്ന നിലയില്‍ തോമസ് ചാണ്ടിയുടെ രാജി ആസന്നമാക്കുന്നു. ഇനി രാജി വാങ്ങിയില്ലെങ്കില്‍ കുരുക്കിലാവുക മുഖ്യമന്ത്രിയാണ്.
തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടത് സര്‍ക്കാരാണ്. ആലപ്പുഴ ജില്ലാ കളക്ടറെ അന്വേഷിക്കാന്‍ ഏര്‍പ്പാടാക്കിയതും സര്‍ക്കാരാണ്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ കുറ്റം തോമസ് ചാണ്ടി ചെയ്തിരിക്കുന്നു എന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് തോമസ് ചാണ്ടി കോടതിയില്‍ പോയത്. വിചിത്രമായ നടപടികളാണ് മന്ത്രി പിന്തുടര്ന്നത് എന്ന് ഹൈക്കോടതി പറഞ്ഞതില്‍ ഒട്ടനവധി സത്യങ്ങള്‍ ഒളിച്ചിരിക്കുന്നു.
കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുമ്പാകെ വന്നിട്ടും ഹൈക്കോടതി വിമര്‍ശനങ്ങള്‍ വന്നിട്ടും തോമസ് ചാണ്ടി തുടരുന്നു. അപ്പോള്‍ സ്വാഭാവികമായും തോമസ് ചാണ്ടിയെ എന്തുകൊണ്ട് നിലനിര്‍ത്താന്‍ തയ്യാറാവുന്നു എന്ന് ജനങ്ങളോടു വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് വന്നിരിക്കുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നിരാകരിക്കാം. അല്ലങ്കില്‍ സ്വീകരിക്കാം. ഇവിടെ ഇതുവരെ രണ്ടും നടന്നിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് തോമസ് ചാണ്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്ന ചോദ്യം ഉയരുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമായ രീതിയില്‍ ഉയര്‍ന്നു നില്ക്കുന്നു.