മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
31


കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്നും തോമസ് ചാണ്ടിയോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 1.45 ന് തീരുമാനം അറിയിക്കണമെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയെ അറിയിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

മന്ത്രിയുടെ ഹര്‍ജിക്കെതിരെ ഹൈക്കോടതി നിരവധി ചോദ്യങ്ങളുന്നയിച്ചു. ഒരു മന്ത്രിക്കു മന്ത്രിസഭാ തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. ഇതു ഭരണഘടനാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ലോകത്തൊരിടത്തും കേട്ടുകേള്‍
വിയില്ലാത്ത കാര്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഹര്‍ജിയെന്നും കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമമെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയെ ഇതിന് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മന്ത്രിയെ അയോഗ്യനാക്കുവാന്‍ ഇത് ധാരളമാണെന്നും കോടതി പറഞ്ഞു.

എന്നാല്‍ ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ വാദിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം.

അതിനിടെ മന്ത്രിയാകുന്നതിന് മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ ആരോപണം ഉണ്ടായതെന്നും വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്നുമുള്ള വിചിത്ര വാദവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ എത്തി. കോടതി സര്‍ക്കാര്‍ നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചു. ഹര്‍ജിയെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെ സര്‍ക്കാര്‍ ഹര്‍ജിയെ കൈയൊഴിഞ്ഞു. മന്ത്രിയുടെ ഹര്‍ജി അപക്വമായി പോയി എന്ന് നിലപാടു മാറ്റി സര്‍ക്കാര്‍ മന്ത്രിയെ തള്ളുകയായിരുന്നു.

അതേ സമയം ചാണ്ടി രാജിവെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് എന്‍.സി.പി ആവര്‍ത്തിച്ചു. ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.