വിവേക് തന്‍ഖയെ ഹാജരാക്കിയതിന് പിന്നില്‍ തോമസ്‌ ചാണ്ടിയുടെ അതിബുദ്ധിയെന്ന് പന്തളം

0
57

തിരുവനന്തപുരം: കായല്‍ കയ്യേറ്റ-വയല്‍ നികത്തല്‍ കേസുകളില്‍ ഹൈക്കോടതിയില്‍ വാദിക്കാന്‍ കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയെ ഹാജരാക്കിയത് മന്ത്രി തോമസ്‌ ചാണ്ടി കാണിച്ച അതിബുദ്ധിയാണെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ 24 കേരളയോട് പ്രതികരിച്ചു.

തോമസ്‌ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭ രംഗത്തായിരിക്കെ കോണ്‍ഗ്രസ് നേതാവും എംപിയുമായ വിവേക് തന്‍ഖയെ ഹാജരാക്കിയത് കോണ്‍ഗ്രസ് സമരത്തിന്റെ മുനയൊടിക്കാന്‍ ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. തന്‍ഖ ഹാജരായത് ശരിയായ നടപടിയല്ല. ഹാജരാകാന്‍ പാടില്ലായിരുന്നു. തന്‍ഖയെ ഹാജരാക്കിയത് തോമസ് ചാണ്ടിയുടെ രാഷ്ട്രീയ കൗശലം കാരണമാണ്. ഇതിനു പിന്നില്‍ കോണ്‍ഗ്രസിനെ ആക്ഷേപിക്കല്‍ മാത്രമാണ്. നീക്കങ്ങള്‍ക്ക്‌ പിന്നില്‍ തോമസ് ചാണ്ടിയുടെ അതിബുദ്ധിയുണ്ട്. കോണ്‍ഗ്രസ് ഈ അതിബുദ്ധി തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ വിവേക് തന്‍ഖയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു പരാതി നല്‍കും-പന്തളം സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അതിശക്തമായ എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് തന്‍ഖ ഇന്നു തോമസ്‌ ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. വിവേക് തൻഖയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തെല്ലും വകവെയ്ക്കാതെ തന്‍ഖ കോടതിയിലെത്തുകയും കേസില്‍ ഹാജരാകുകയും ചെയ്തു. പ്രതിഷേധം തിരിച്ചറിഞ്ഞ തന്‍ഖ മറുപടിയായി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

കോൺഗ്രസ് എം.പി ആയിട്ടല്ല അഭിഭാഷകനായിട്ടാണ് കേരളത്തിൽ ഹാജരാകുന്നതെന്ന് ട്വീറ്റില്‍ തൻഖ പറഞ്ഞു. ചാണ്ടി തന്റെ പഴയ സുഹൃത്താണെന്നും തന്റെ അഭിഭാഷക ജോലി മാത്രമാണ് ചെയ്യുന്നതെന്നും തന്‍ഖ ട്വീറ്റ് ചെയ്തു.