ശിശുദിനം ആഘോഷിച്ച് എസ്.എ.ടി. ആശുപത്രി

0
42

തിരുവനന്തപുരം: ശിശുദിനം ആഘോഷിച്ച് എസ്.എ.ടി. ആശുപത്രി. മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്. പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുക്കാട് ശിശുദിന സന്ദേശം നല്‍കുകയും മാജിക് കാണിച്ച് അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സൂസന്‍ ഉതുപ്പ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ആര്‍.എം.ഒ. ഡോ. ഹരിപ്രസാദ്, നഴ്‌സിംഗ് ഓഫീസര്‍ മേരി വി.ടി. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇതോടൊപ്പം കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനങ്ങളും മധുരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. മികച്ച രോഗീപരിചരണത്തിനും ശുചിത്വത്തിനുമുള്ള പ്രത്യേക അവാര്‍ഡുകള്‍ ഇന്നര്‍വീല്‍ ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് എന്നിവരുടെ ഭാരവാഹികള്‍ വിവിധ വാര്‍ഡുകള്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് എസ്.എ.ടി. സാസംസ്‌കാരിക വേദിയായ സാരംഗിന്റെ കലാപരിപാടികളും നടന്നു.