തിരുവനന്തപുരം: ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുമെന്ന് കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖ. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമ്പോള്‍ അതേ പാര്‍ട്ടിയുടെ എം.പി മന്ത്രിക്കു വേണ്ടി ഹാജരാകുന്നതിനെതിരെ നേതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസ്സന് തന്‍ഖയെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ലെന്നും അഭിഭാഷകന് എന്ന നിലയില്‍ മാത്രമാണ് താന്‍ ഹാജരാകുന്നതെന്നും തന്‍ഖ അറിയിച്ചു. ഇന്ന് കോടതിയില്‍ ഹാജരാകുന്നതിനായി വിവേക് തന്‍ഖ ഇന്നലെ വൈകുന്നേരം തന്നെ കൊച്ചിയിലെത്തി.
വിവേക് തന്‍ഖയെ പിന്തിരിപ്പിക്കണമെന്ന് എ.ഐ.സി.സി.നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടിയുടെ സുഹൃത്തുകൂടിയായ വിവേക് തന്‍ഖ ഹൈക്കമാന്‍ഡിനെപ്പോലും അറിയിക്കാതെയാണ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിയ ഇദ്ദേഹം മധ്യപ്രദേശിന്റെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയാണ്.
ഇന്ന് തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വളരെ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഹൈക്കോടതി ഉയര്‍ത്തിയത്.