എം.മനോജ് കുമാര്‍
തിരുവനന്തപുരം: മന്ത്രിയായി തോമസ് ചാണ്ടി തുടരുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിമാര്‍ വിട്ടുനിന്നതിന്റെ ആഘാതത്തില്‍ ഇടത് സര്‍ക്കാര്‍. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയെന്നു മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ അസാധാരണ പ്രതിസന്ധി തന്നെ ഈ നീക്കം ഇടത് സര്‍ക്കാരിനു മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നു.
സിപിഐ ലക്ഷ്യം വ്യക്തമാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യം. പക്ഷെ മുഖ്യമന്ത്രിയുടെ ഭാഷ്യം വേറെയാണ്. ആരോപണങ്ങള്‍ മന്ത്രിയായ ശേഷമല്ല, മന്ത്രിയാകും മുന്‍പാണ്. കോടതി വിധി വരട്ടെ. എന്‍സിപി ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അതിനുള്ള സമയം അവര്‍ക്ക് നല്‍കണം.
പക്ഷെ സിപിഐയ്ക്ക് ഈ കാര്യത്തില്‍ യോജിപ്പില്ല. തോമസ് ചാണ്ടിക്കൊപ്പം മന്ത്രിസഭയില്‍ ഇരിക്കാന്‍ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് സിപിഐ മന്ത്രിമാര്‍ നടത്തിയത്. വിട്ടു നില്‍ക്കുന്നതിന്റെ കാരണം വ്യകതമാക്കുന്ന കത്തും സിപിഐ മുഖ്യമന്ത്രിക്ക് കൈമാറി. സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതോടെ മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ അവസ്ഥയാണ്.
വിട്ടു നില്ക്കല് എന്നതുകൊണ്ട് സിപിഐ ഉദ്ദേശിക്കുന്നത് വിട്ടുപോകലല്ല. താത്ക്കാലികമായ ഒരു വിട്ടു നില്ക്കല് മാത്രമാണ്. മൂന്നാര്‍ കയ്യേറ്റ പ്രശ്നത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ മുന്‍ നിര്‍ത്തി സിപിഐ കളിച്ച രാഷ്ട്രീയക്കളിയിലൂടെ പാര്‍ട്ടിക്ക് ലഭിച്ച പ്രതിച്ഛായാ തിളക്കം തോമസ് ചാണ്ടി പ്രശ്നത്തിലും വേണം. പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയ മറ്റൊരവസരം എന്ന നിലയ്ക്കാണ് അവര്‍ അതിനെ കണ്ടത്. കിട്ടിയ അവസരം അവര്‍ മുതലാക്കുകയും ചെയ്തു. ഇതാണ് കടുത്ത നിലപാടിലേക്ക് സിപിഐയെ നയിച്ചത്.
പക്ഷെ സിപിഐ നടപടികള്‍ ഇടതുമുന്നണിയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. രാജി വയ്ക്കാതെ തോമസ് ചാണ്ടി ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഏകപക്ഷീയമായി വിട്ടുനിന്നു സിപിഐയും വന്‍ പ്രതിസന്ധിയാണ് ഇടതുമുന്നണിക്ക് മുന്നില്‍ സൃഷ്ടിച്ചത്. കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ട് പോകുമ്പോള്‍ പ്രതിച്ഛായ മാത്രം ലക്ഷ്യമാക്കിയുള്ള സിപിഐ നടപടികളും ഇടതുമുന്നണിക്ക് തിരിച്ചടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഒരുതരത്തില്‍ നോക്കിയാല്‍ എന്സിപിയെപ്പോലെ സിപിഐയും ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ് കളിച്ചത്.
അജണ്ട ഫിക്സ് ചെയ്ത് മറ്റുള്ളവരെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്ത് നിന്നും വന്നത്. മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കാനുള്ള സിപിഐ തീരുമാനം അത്തരമൊരു നടപടിയായി ചൂണ്ടിക്കാട്ടപ്പെടുന്നു. നാല് മന്ത്രിമാരുടെ ബഹിഷ്ക്കരണം മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ വെള്ളത്തിലാക്കുന്ന തീരുമാനമാണ്.
പക്ഷെ അധികാരം ഉപേക്ഷിച്ചുള്ള ഒരു കളിക്കും തങ്ങളെ കിട്ടില്ലാ എന്ന വ്യക്തമായ സന്ദേശം സിപിഐക്കുള്ളില്‍ നിന്ന് തന്നെ വരുന്നുണ്ട്. അധികാരം ഉപേക്ഷിക്കാന്‍ എന്സിപിയെപ്പോലെ സിപിഐയും തയ്യാറല്ല. ”ഈ ഘട്ടത്തില്‍ ഒരു പ്രതികരണം നടത്തുന്നത് ശരിയായിരിക്കില്ല. പക്ഷെ മന്ത്രിസഭയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന ഒരു നീക്കവും സിപിഐ നടത്തില്ല. ഈ വിട്ടു നില്ക്കലിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്.” ഉന്നത സിപിഐ നേതാവ് 24 കേരളയോട് പ്രതികരിച്ചു. മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാന്‍ തങ്ങളില്ല. ഈ തീരുമാനം താത്ക്കാലികമാണ്. മുഖ്യമന്ത്രിയെക്കൊണ്ട് തോമസ് ചാണ്ടിയുടെ രാജി ചോദിച്ചു വാങ്ങിക്കുക. അതിനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് സിപിഐയുടെ നടപടി. സിപിഐ നേതാവിന്റെ വാക്കുകളില്‍ ഈ കാര്യം വ്യക്തമാണ്.
അധികാരം നഷ്ടപ്പെട്ടാല്‍ എന്‍സിപിയുടെയും സിപിഐയുടേയും അവസ്ഥ ഒന്നാകും. പിന്നെ അവര്‍ തമ്മില്‍ വ്യത്യാസമൊന്നുമുണ്ടാകില്ല. അത് സിപിഐയ്ക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ അധികാരം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു കളിയ്ക്ക് അവര്‍ തയ്യാറാകില്ല. അധികാരം നഷ്ടപ്പെടുത്തിയൊരു പ്രതിച്ഛായ നാടകം സിപിഐ കളിക്കില്ലെന്ന് സിപിഎമ്മിനും നല്ലതുപോലെ അറിയാം. അധികാരത്തിന്റെ കാര്യം വരുമ്പോള്‍ സിപിഐയും എന്‍സിപിയും ഒന്നുതന്നെയെന്ന് അടക്കം പറയുന്നുണ്ട് സിപിഎമ്മിലെ ചില നേതാക്കള്‍.
പക്ഷെ രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ കടുത്ത നടപടിക്ക് സിപിഎമ്മോ മുഖ്യമന്ത്രിയോ തയ്യാറല്ല. കാരണം മുഖ്യമന്ത്രിയും സിപിഎമ്മും ശ്രദ്ധിക്കുന്ന ഒരു കാര്യം മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ വേര് പടര്‍ത്തലാണ്. അതിനു സിപിഎമ്മിന്റെ മുന്നിലുള്ള ഏക വഴി എന്‍സിപിയാണ്. ഉറപ്പുള്ള രണ്ടു നിയമസഭാ സീറ്റ് സിപിഎമ്മിന് നല്കുന്നതില് എന്‍സിപി ദേശീയ നേതൃത്വത്തിനു എതിര്‍പ്പുള്ള കാര്യവുമല്ല. എന്‍സിപിക്കും കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്നുണ്ട്. ഇതിനുള്ള ഒരു വഴിയാണ് പരസ്പര സഹകരണം. ഈ രാഷ്ട്രീയ സഖ്യം മുന്നിലുള്ളതിനാല്‍ ഈ തീരുമാനങ്ങളെ പോറലേല്‍പ്പിക്കുന്ന ഒരു നീക്കവും സിപിഎമ്മോ, മുഖ്യമന്ത്രിയോ നടത്തില്ല.
പക്ഷെ ഇത്തരം കാര്യങ്ങള്‍ ഒന്നും തങ്ങള്‍ ഗൌനിക്കേണ്ട ആവശ്യമില്ലാ എന്ന നിലപാടിലാണ് സിപിഐ. തോമസ് ചാണ്ടിയുടെ രാജിയല്ലാതെ ഒരു നീക്കുപോക്കിനും സിപിഐ തയ്യാറുമല്ല. ഈ നിലപാട് വലിയ പ്രതിസന്ധി തന്നെ ഇടത് സര്‍ക്കാരിനു മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മണിക്കൂറുകള്‍ സിപിഎമ്മിനും എന്‍സിപിക്കും സിപിഐക്കുമൊക്കെ ഒരു പോലെ നിര്‍ണ്ണായകമായി മാറുകയാണ്.