അധികാര ദുർമ്മേദസ്സിന്‌ വിശ്രമജീവിതം ആശംസിച്ച് വി.ടി.ബല്‍റാം

0
40


തിരുവനന്തപുരം: കായല്‍ കയ്യേറ്റ-നിലം നികത്തല്‍ ആരോപണങ്ങളില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. പതിവുപോലെ ഫെയ്സ് ബുക്ക്‌ കുറിപ്പിലാണ് ബല്‍റാമിന്റെ പരിഹാസം.

ചിരട്ടയില്‍ തോമസ് ചാണ്ടിയുമായി സാമ്യമുള്ള രൂപം വരച്ച ചിത്രത്തോടുകൂടിയാണു ബല്‍റാമിന്റെ കുറിപ്പ്.

കായല്‍ കയ്യേറ്റ പ്രശ്നം നിയമസഭയില്‍ ആദ്യം ഉന്നയിച്ചത് ബല്‍റാമായിരുന്നു. അന്ന് പാലക്കാടുള്ള കൊച്ചന്‍ എന്നാണ് ബല്‍റാമിനെ ചാണ്ടി അഭിസംബോധന ചെയ്തത്. പാലക്കാടുള്ള കൊച്ചന് മാര്‍ത്താണ്ഡം കായലും വേമ്പനാട്ടു കായലും അറിയാമോ എന്നായിരുന്നു ചാണ്ടി അന്നു ചോദിച്ചത്.

പക്ഷെ കായല്‍ കയ്യേറ്റ-നിലം നികത്തല്‍ വിവാദം ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ തോമസ് ചാണ്ടിയുടെ മന്ത്രി കസേര നിലം പൊത്തുകയായിരുന്നു. എല്ലാം ഓര്‍മ്മിപ്പിച്ച് ചാണ്ടിക്ക് മന്ത്രിയെന്ന നിലയിലുള്ള വിശ്രമ ജീവിതം ആശംസിച്ചാണ് ബല്‍റാം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.