ഒടുവില്‍ തോമസ് ചാണ്ടി രാജിവെച്ചു

0
59

തിരുവനന്തപുരം: ഒടുവില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി യോഗത്തിലാണ് രാജി സംബന്ധിച്ച തീരുമാനം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ന് രാജിയുണ്ടാകുമെന്ന് ഇന്നലെത്തന്നെ സൂചനകളുണ്ടായിരുന്നു.

രാജി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രണ്ടു മണിക്ക് ചേരുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

എന്നാല്‍, രാജിക്കത്ത് എന്‍സിപി യോഗത്തില്‍ സമര്‍പ്പിച്ച ശേഷം തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ ആലപ്പുഴയ്ക്ക് പോയി. തോമസ് ചാണ്ടി രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കായല്‍ കയ്യേറ്റ വിവാദത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ മൂലം ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി രാജിവെയ്ക്കുന്നത്. ചാണ്ടി കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് പോലും അവഗണിച്ച അദ്ദേഹം ഒടുക്കംവരെ അക്ഷരാര്‍ത്ഥത്തില്‍ മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങുകയായിരുന്നു. ഇതിന് എന്‍സിപിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ പൂര്‍ണ പിന്തുണ ചാണ്ടിയ്ക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ലോഭമായ പിന്തുണയും ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് രാജി ഇത്രകാലം നീട്ടിക്കൊണ്ടുപോകാന്‍ ചാണ്ടിയ്ക്ക് കഴിഞ്ഞത്.