തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും ശരിയില്ലെന്ന് തോമസ് ചാണ്ടി

0
42

Image result for thomas chandy in  official car
ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും ശരിയില്ലെന്ന് തോമസ് ചാണ്ടി. രാജിവെച്ച ശേഷം ആലപ്പുഴയിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസം മുന്‍പ് വരെ രാജിയെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ല. ഇന്നലെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കളക്ടര്‍ ധൃതിപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൊണ്ടാണ് തെറ്റുകള്‍ വന്നത്. ക്ഷമിക്കാന്‍ പറ്റാത്ത തെറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. നാളെ തന്നെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും സുപ്രീം കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്താല്‍ താന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. എന്നാല്‍ എന്‍സിപിയിലെ മറ്റൊരു എംഎല്‍എ ആയ എ.കെ.ശശീന്ദ്രന്‍ ആദ്യം കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ത്താണ്ഡം കായല്‍ താന്‍ നികത്തിയിട്ടില്ലെന്നും കര്‍ഷകര്‍ക്ക് സഞ്ചരിക്കാനായി വഴി മണ്ണിട്ട് വൃത്തിയാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക വഴി സി.പി.ഐ ചെയ്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബിസിനസില്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് താന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.