തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ.പത്മകുമാര്‍ അധികാരമേറ്റു

0
88


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി മുന്‍ എംഎല്‍എ എ.പത്മകുമാറും ദേവസ്വം ബോര്‍ഡ്‌ അംഗമായി കെ.പി.ശങ്കരദാസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാന മന്ദിരത്തില്‍ ഇന്നു രാവിലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറി എസ്.ജയശ്രീ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോര്‍ഡ്‌ പ്രസിഡന്റ്റ് എ. പത്മകുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിറകെ കെ.പി.ശങ്കരദാസും സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെയും അംഗമായിരുന്ന അജയ് തറയിലിന്റെയും ഒഴിവിലേക്കാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്.

ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 2007 ലെ ഇടത് മുന്നണി സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള ദേവസ്വം അംഗങ്ങളുടെ രണ്ടു വര്‍ഷ കാലാവധി എന്ന തീരുമാനമാണ് ഈ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയതെന്നു ചടങ്ങില്‍ സംബന്ധിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇടത് സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തിരുത്തി. ദേവസ്വം അംഗങ്ങളുടെ രണ്ടു വര്‍ഷ കാലാവധി മൂന്നു വര്‍ഷ കാലാവധിയാക്കിമാറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഈ സര്‍ക്കാര്‍ പഴയ ഇടത് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്തെ പുതിയ ആശുപത്രിയുടെ ഉദ്ഘാടനം  ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നാളെ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വംബോര്‍ഡ് അംഗം കെ.രാഘവന്‍, മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം കമ്മിഷണര്‍ സി.പി.രാജരാജ പ്രേമ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രമുഖ സിപിഎം നേതാവായ എ.പത്മകുമാര്‍ മുന്‍ കോന്നി എംഎല്‍എ കൂടിയാണ്. 1991-96 കാലത്താണ് പത്മകുമാര്‍ കോന്നി എംഎല്‍എയായത്. വളരെ ചെറുപ്രായത്തില്‍ തന്നെ എംഎല്‍എയാകാന്‍ കഴിഞ്ഞത് സിപിഎമ്മില്‍ പത്മകുമാറിനുള്ള സമ്മതിയുടെ തെളിവാകുന്നു. എസ്എഫ്ഐ,  ഡിവൈഎഫ്ഐ പ്രവര്‍ത്തനം വഴിയാണ് പത്മകുമാര്‍ സിപിഎമ്മിലെ സജീവ സാന്നിധ്യമായി മാറുന്നത്. ശങ്കരദാസ് സിപിഐ അംഗമെന്ന നിലയിലാണ് ദേവസ്വം ബോര്‍ഡ്‌ അംഗമായി മാറുന്നത്.