തോമസ് ചാണ്ടിയുടെ രാജി മന്ത്രിസഭയില്‍ ചര്‍ച്ചയായില്ലെന്ന് മുഖ്യമന്ത്രി

0
33


തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ചയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയതിനാലാണ് രാജി തീരുമാനം വൈകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണമായ നടപടിയായിപ്പോയെന്നും സാധാരണനിലയ്ക്ക് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ നേതൃത്വം തോമസ് ചാണ്ടി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കരുതെന്ന് മന്ത്രിമാരെ അറിയിച്ചതിനാലാണ് അവര്‍ വിട്ടുനിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വ്യക്തമാക്കുന്ന ഒരു കത്ത് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അയച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.