തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ പുതിയ ജിഎസ്ടി നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. എല്ലാ റെസ്റ്റോറന്റുകളിലും നവംബര്‍ 15 മുതല്‍ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്മതിയെന്ന് ജി.എസ്.ടി. കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.
ഹോട്ടലുകളും റെസ്റ്റോറന്റുകളും ബുധനാഴ്ചമുതല്‍ വിലയ്ക്കൊപ്പം അഞ്ചുശതമാനം നികുതിയാവും ഈടാക്കുകയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് മൊയീന്‍കുട്ടി ഹാജി പറഞ്ഞു.
ജി.എസ്.ടി. നടപ്പില്‍വന്നപ്പോള്‍ എ.സി. റെസ്റ്റോറന്റുകളില്‍ 18 ശതമാനവും അല്ലാത്തവയില്‍ 12 ശതമാനവും നികുതി ഏര്‍പ്പെടുത്തിയിരുന്നു.
ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള മറ്റുചില ഉത്പന്നങ്ങളുടെ നികുതിയും 28-ല്‍നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ചോക്ലേറ്റ്, ഷാമ്ബു, ആരോഗ്യ പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റിസ്റ്റ് വാച്ച്, കാപ്പി, ഡെന്റല്‍ ഉത്പന്നങ്ങള്‍, ബാറ്ററി തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ഇതോടെ ബുധനാഴ്ചമുതല്‍ വിലകുറയും
ജിഎസ്ടിയുടെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഹോട്ടലുകള്‍ കൊള്ള നടത്തുന്നുവെന്ന ആക്ഷേപം ശക്തമാണ് .പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളിലെ ബില്ലുകള്‍ ധന വകുപ്പ് ശേഖരിച്ചിരുന്നു.ഇനി ഇക്കാര്യം ആവര്‍ത്തിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ധനമന്ത്രി താക്കീത് നല്‍കിയിരിക്കുകയാണ് .