ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തിലെ പപ്പു പ്രയോഗം നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
45


അഹമ്മദാബാദ്: ബിജെപിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ നിന്നും ‘പപ്പു’ എന്ന പ്രയോഗം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കീഴിലുള്ള മീഡിയ കമ്മിറ്റിയാണ് പപ്പു പ്രയോഗം നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ പ്രയോഗം അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി ബിജെപിയുടെ പരസ്യ സ്‌ക്രിപ്റ്റിന് അംഗീകാരവും നല്‍കിയില്ല.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനാണ് എതിരാളികള്‍ പപ്പു എന്ന വാക്കുപയോഗിക്കുന്നത്. എന്നാല്‍ പരസ്യം ആരെയും ഉദ്ദേശിച്ച് ഉണ്ടാക്കിയതല്ലെന്നും അതിന് വ്യക്തികളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും ബിജെപി പ്രതികരിച്ചു.

തീരുമാനം പുനഃപരിശോധിക്കാന്‍ ബിജെപി കമ്മിറ്റിയോട് ആവശ്യപ്പെട്ടങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് പപ്പു പ്രയോഗം നീക്കം ചെയ്ത് പുതിയ സ്‌ക്രിപ്റ്റ് ഉടന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.